പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുന്നെന്ന് കോടതിയില്‍; യുവാവിന് എതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയാണെന്നു അറിയിച്ച യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി. നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പെണ്‍കുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെയുള്ള പോക്‌സോ കേസും കുറ്റപത്രവും റദ്ദാക്കിയത്. ജസ്റ്റിസ് കെ ഹരിപാല്‍ ആണ് വിധി പറഞ്ഞത്.

2019 ഫെബ്രുവരി 20 നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരില്‍ ഇരുപത്തിരണ്ടുകാരനായ ഹര്‍ജിക്കാരനെതിരെ തൃശൂരിലെ കൊടകര പോലീസ് കേസ് എടുത്തത്. എന്നാല്‍ 2020 നവംബര്‍ 16 ന് ഇരുവരും വിവാഹിതരായി. ഇതിനിടെയാണ് കേസില്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കിയത്.

തുടര്‍ന്ന് കേസ് നടപടികള്‍ റദ്ദാക്കാന്‍ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. ദമ്പതികളുടെ ക്ഷേമത്തിനും നടപടികള്‍ റദ്ദാക്കുന്നതാണു നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പൊതുതാല്‍പര്യം ഹനിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News