കോട്ടയം: എരുമേലിയിലും തൊടുപുഴയിലും ആയി ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് പേര്‍ മരിച്ചു. എരുമേലിയിലുണ്ടായ അപകടത്തിൽ രണ്ട് ചെറുപ്പക്കാര്‍ക്ക് പരിക്കേറ്റപ്പോൾ തൊടുപുഴയിലെ അപകടത്തിൽ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിക്കുകയും സഹപാഠിക്ക് പരിക്കേൽക്കുകയും ചെയ്തു.
എരുമേലി കരിങ്കല്ലുംമൂഴി ഭാരത് പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. ചേനപ്പാടി സ്വദേശി ശ്യാം സന്തോഷ് (23) പൊന്തൻപുഴ സ്വദേശി രാഹുൽ സുരേന്ദ്രൻ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കിൻ്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ മരിച്ച രണ്ട് പേരും ബൈക്ക് യാത്രികരമാണ്. സാരമായി പരിക്കേറ്റ ശ്യാം സന്തോഷ് ഇന്നലെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചിരുന്നു. ഇന്നു രാവിലെയാണ് രാഹുൽ സുരേന്ദ്രൻ മരണമടഞ്ഞത്.
തൊടുപുഴയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. സഹപാഠി അര്‍ജുന്‍ ലാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് നില ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ആര്‍ക്കും സാരമായ പരിക്കില്ല.
തിരുവനന്തപുരത്ത് നിന്നും പൊൻമുടിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും പാലോട് നിന്നും തിരുവനന്തപുരത്ത് പോയ കെഎസ്ആര്‍ടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയെ ഒരു ബസ് ഓവർടേക്ക് ചെയ്തപോയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് വാളിക്കോട് ആണ് സംഭവം.
ഇന്ന് രാവിലെ നെയ്യാറ്റിൻകരയിലണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കെഎസ്ആര്‍ടിസി ബസും വിഎസ്എസ്. സിയുടെ ബസും കൂട്ടിയിടിച്ചായിരുന്നു ഇവിടെ അപകടം. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിൽ രണ്ട് ബസുകളുടേയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്.