ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്തുമരിച്ചു. ഒന്‍പത് പേരെ രക്ഷപെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിജയനഗറിലെ സ്വരണ്‍ബാഗ് കോളനിയിലെ കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഇന്ന് പുലര്‍ച്ചെ 3.10നാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് തീപടര്‍ന്നു. തുടര്‍ന്ന് കെട്ടിടത്തെയാകെ തീ വിഴുങ്ങുകയായിരുന്നു.
ആളുകള്‍ നല്ല ഉറക്കിത്തിലായിരുന്ന സമയത്താണ് തീ പടര്‍ന്നത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എഴുപേരാണ് വെന്തുമരിച്ചത്. പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപെടുത്തിയ ഒന്‍പത് പേരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുനില ഫ്‌ളാറ്റ് കെട്ടിടത്തില്‍ തീ കെടുത്തുന്നതിനാവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഉടമ അന്‍സാര്‍ പടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.