ബ്രസീലിയ: വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേയ്ക്ക് പൊട്ടിവീണ് ഏഴുപേർ മരിച്ചു. ഇരുപത് പേരെ കണാതായി. മുപ്പത്തിരണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കൻ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുർണാസ് തടാകത്തിലാണ് അപകടമുണ്ടായത്.
വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദസഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്താറുള്ളത്. ബോട്ടുകളിൽ ഇതുരണ്ടും ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേയ്ക്ക് പൊട്ടിവീണത്.
നേരത്തെ പാറയിൽ നിന്ന് കല്ലുകൾ പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പായി വിളിച്ചുപറയുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഇതാണ് പാറ ഇടിഞ്ഞുവീഴാൻ കാരണമായതെന്നാണ് കരുതുന്നത്.