കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. ഏഴ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകും. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്. സൂക്ഷ്മ പരിശോധനയില്‍ സ്വീകരിക്കപ്പെട്ട നാമനിര്‍ദേശ പത്രിക ഒന്നും തന്നെ പിന്‍വലിക്കപ്പെട്ടിട്ടില്ല. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.
മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണല്‍.
സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും
1.അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ 2.ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)ചുറ്റിക അരിവാള്‍ നക്ഷത്രം
3.ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
4.ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്
5.പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക
6.ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച്
7.സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ
ഉപതെരഞ്ഞെടുപ്പ് ദിവസമായ സെപ്തംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് നിയമം 1881 പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭങ്ങൾ- സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും. അവധിദിനത്തിന്റെ പേരിൽ വേതനം കുറവുചെയ്യൽ, വെട്ടി ക്കുറയ്‌ക്കൽ എന്നിവയടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും ഇതിനാവശ്യമായ നടപടികൾ ലേബർ കമ്മീഷ ണർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധിബാധകമാണ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിനു സ്ഥാനാർഥിക്കു പരമാവധി ചെലവഴിക്കാൻ കഴിയുന്ന തുക 40 ലക്ഷം. ഓരോ ദിവസവും ചെലവാകുന്ന തുക പ്രത്യേകം റജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ചെലവുകൾ കൈകാര്യം ചെയ്യുന്നതിനു പ്രത്യേകം ഏജന്റിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം.നാമനിർദേശ പത്രിക സമർപ്പിക്കുന്നതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള കണക്കുകളാണു സൂക്ഷിക്കേണ്ടത്.