തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിൽ ഒരു സ്ത്രീ അറസ്റ്റിൽ. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച മതപുരം സ്വദേശി പ്രീജയാണ് അറസ്റ്റിലായത്. പ്രീജയുടെ വീട്ടിൽ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്. ഇതോടെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പടെ 9 പേരാണ് ഇതുവരേയും പൊലീസിന്‍റെ പിടിയിലായത്. ഇതിൽ അൻസാർ, സജീവ്, സനൽ, ഉണ്ണി എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. കൊല്ലപ്പെട്ട രണ്ടുപേരെയും വെട്ടിയത് ഇവരാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അജിത്, ഷജിത്, സതി, നജീബ് എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം ഏർപ്പാടാക്കി നല്കിയവരുമാണ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടത്ത മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി.
ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ നാലിന് പ്രതികൾ ആക്രമിച്ചു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമുണ്ടായത്. പിന്നീട് മേയ് 25ന് ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഫൈസലിന് നേരെയും ആക്രമണമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോട്ടിലുള്ളത്.