ഹണിട്രാപ്പില്‍ കുടുങ്ങി 59-കാരൻ;തട്ടിയത് 5 ലക്ഷം,ദമ്പതികളുൾപ്പെടെ 7 പേർ അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ ഏഴംഗസംഘം പിടിയില്‍. കാസര്‍കോട് മങ്ങാട് സ്വദേശിയായ 59-കാരനില്‍നിന്ന് അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് യുവതി ഉള്‍പ്പെടെ ഏഴുപേരെ മേല്‍പ്പറമ്പ് പോലീസ് പിടികൂടിയത്.കാസര്‍കോട് സ്വദേശികളായ ദില്‍ഷാദ്, സിദ്ദീഖ്, ലുബ്‌ന, ഫൈസല്‍ എന്നിവരും ഇവരുടെ കൂട്ടാളികളായ മൂന്നുപേരുമാണ് ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായവര്‍.

കേസിലെ മൂന്നാംപ്രതിയായ ലുബ്‌നയാണ് പരാതിക്കാരനായ 59-കാരനെ ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ജനുവരി 25-ന് തനിക്ക് ലാപ്‌ടോപ്പ് വാങ്ങിനല്‍കണമെന്ന് ലുബ്‌ന പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇതിനായി 59-കാരനെ മംഗലാപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയ യുവതി ഹോട്ടലില്‍ മുറിയെടുക്കുകയും ഇവിടെവെച്ച് പരാതിക്കാരനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

മാത്രമല്ല, പടന്നക്കാടുള്ള വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നും ഇതെല്ലാം വീട്ടുകാരെ അറിയിക്കുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. തുടര്‍ന്ന് പരാതിക്കാരനെ തടങ്കലില്‍ പാര്‍പ്പിച്ച പ്രതികള്‍ ഗൂഗിള്‍പേ വഴി പതിനായിരം രൂപ തട്ടിയെടുത്തു. പിന്നീട് 4,90,000 രൂപ പണമായും കൈക്കലാക്കുകയായിരുന്നു.സംഭവത്തില്‍ കഴിഞ്ഞദിവസമാണ് 59-കാരന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News