മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കമായി. മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നാണ് സി.ബി.ഐ. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.
1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യം സി.ബി.ഐയുടെ വരവ്. സിനിമക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാമതും സി.ബി.ഐ എത്തി. ജാഗ്രതയും ബോക്സോഫീസ് ഹിറ്റായിരുന്നു.
പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് സി.ബി.ഐ വരുന്നത്. 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐയും എത്തി. എല്ലാ സി.ബി.എ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തത്.
നാലു ഭാഗങ്ങളും ഒരുപോലെ പ്രദര്‍ശന വിജയം നേടി എന്നൊരു പ്രത്യേകത കൂടെ സി.ബി.ഐക്കുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.