KeralaNews

ഇ-ബുൾ ജെറ്റിന് തിരിച്ചടി; പിടിച്ചെടുത്ത ‘നെപ്പോളിയനെ’ വിട്ടുകിട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : ചട്ടലംഘനം നടത്തിയതിന് മോട്ടോർ വാഹന വിഭാഗം കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി. യൂട്യൂബ് വ്ളോഗർമാരുടെ ഹർജിയിലെ തലശ്ശേരി മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവക്കുകയായിരുന്നു.

രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എംവിഡി  സർട്ടിഫിക്കറ്റ് തരും വരെ വാഹനം റോഡിൽ ഇറക്കാനും അനുമതിയില്ല. 

കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ-ബുൾജെറ്റ് വ്ളോഗർമാരുടെ വാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. പത്തിലധികം നിയമലംഘനങ്ങൾക്ക് 42400 രൂപയാണ് എംവിഡി പിഴ ചുമത്തിയത്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയൻ എന്ന വാനും.

കണ്ണൂർ കിളിയന്തറ സ്വദേശികളാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. വാഹനം പിടിച്ചെടുത്തതിന് പിന്നാലെ ആർടി ഓഫീസിൽ എത്തി ഇരുവരും ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലാകുകയും ചെയ്തത് യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. 

വാഹനം പിടിച്ചെടുത്ത വിഷയം കോടതിയിലെത്തി. എന്നാൽ വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചു. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരെ വാഹന ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button