പൂനെ: ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷിച്ചശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന ആരോപിച്ച സന്നദ്ധ പ്രവര്‍ത്തകനെതിരെ നിയമനടപടിയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയയാള്‍ക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നു കമ്പനി അറിയിച്ചു.
ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും അഞ്ചു കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കോവീഷീല്‍ഡ് പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ചയാള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വിപരീതഫലമുണ്ടായിട്ടില്ലെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാദം.
സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വാക്‌സിന്റെ നിര്‍മാണവും പരീക്ഷണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് 40 വയസുള്ള ചെന്നൈയിലെ ബിസിനസ് കണ്‍സള്‍ട്ടന്റാണ് നിയമനടപടികള്‍ ആരംഭിച്ചത്.