തിരുവനന്തപുരം: സിപിഎം വിടുകയാണെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് മധു പറയുന്നു. തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു ഇന്ന്(ഞായർ) ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് മധു മുല്ലശ്ശേരി പാര്‍ട്ടിയില്‍ നിന്ന് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്ന് മധു ആരോപിച്ചു. മംഗലപുരം ഏരിയ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് ജോയിയുടേത്. ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ജോയി ഉണ്ടാക്കി.
എട്ട് കൊല്ലക്കാലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയും ആറ് കൊല്ലം ഏരിയ സെക്രട്ടറി ആയുമിരുന്നയാളാണ് താനെന്നും മധു പറയുന്നു. ഏരിയാ സെക്രട്ടറിയെ മാറ്റുമ്പോള്‍ എന്തെങ്കിലും ഒന്ന് പറയണം. ഒന്നുകില്‍ ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറിയ്‌ക്കെതിരായി വിമര്‍ശനം വരണം. അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന അഭിപ്രായം വേണം. ഇന്നലെ നടന്ന പാര്‍ട്ടി ഏരിയാ കമ്മറ്റി പ്രതിനിധി ചര്‍ച്ചയില്‍ ഒരു ലോക്കല്‍ കമ്മറ്റിയില്‍ നിന്നും തനിക്കെതിരായി വിമര്‍ശനം വന്നിട്ടില്ലെന്ന് മധു പറയുന്നു.
പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ട്. പുതിയ ഏരിയ കമ്മിറ്റി വന്നതിന് ശേഷം ആറുമാസം കൊണ്ട് വലിയൊരു തുകയ്ക്ക് സ്ഥലം വാങ്ങി മനോഹരമായ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മിച്ചു. ഇതില്‍ 16ലക്ഷം രൂപ ബാക്കിയുണ്ട്. ഒരു ഏരിയാ കമ്മിറ്റിക്കും അതിന് സാധിച്ചിട്ടില്ല. ലോക്കല്‍ കമ്മിറ്റികളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള തീരുമാനം നടപ്പിലാക്കി. ദേശാഭിമാനി പത്രത്തിന്റെ ജോലികള്‍ കൃത്യമായി നടക്കുന്നുണ്ട്. സമരപ്രവര്‍ത്തനങ്ങളും നയപരമായ പാര്‍ട്ടി കാര്യങ്ങളെല്ലാം കൃത്യമായി നടത്തിയിരുന്ന പാര്‍ട്ടി ഏരിയ സെക്രട്ടറിയെയാണ് ഒരു കാര്യവുമില്ലാതെ മാറ്റിയത്.- മധു പറഞ്ഞു.
രാവിലെ ഒമ്പത് മണിക്കാണ് പാര്‍ട്ടി ഏരിയ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിഞ്ഞത്. ഇതെല്ലാം ജോയി നടത്തിവന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ജോയി ജില്ലാ സെക്രട്ടറി ആയിരിക്കുന്നിടത്തോളം ഏരിയാ സെക്രട്ടറി എന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വി.ജോയി മത്സരിച്ചത് ജയിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും പരാജയപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ച സ്ഥാനാര്‍ഥിയാണ് ജോയിയെന്നും മധു മുല്ലശ്ശേരി പറയുന്നു. പാര്‍ട്ടി നേതൃത്വം കയ്യിലൊതുക്കുകയാണ് ജോയിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് കാലത്ത് വലിയ സാമ്പത്തിക സ്രോതസ്സും ജോയി ഉണ്ടാക്കിയതായി ആരോപണമുണ്ടെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
പാര്‍ട്ടിയുടെ രീതിയനുസരിച്ച് വരും ദിവസങ്ങളില്‍ തന്നെ പുറത്താക്കിക്കൊണ്ട് അറിയിപ്പുണ്ടാകാനാണ് സാധ്യതയെന്നും. അത് മനസിലാക്കിക്കൊണ്ടാണ് അതിന് മുമ്പ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും. താന്‍ ഒറ്റയ്ക്കല്ലെന്നും തനിക്കൊപ്പം പ്രവര്‍ത്തകരുമുണ്ടെന്നും മധു പറഞ്ഞു.ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും മധു മുല്ലശ്ശേരി കൂട്ടിച്ചേര്‍ത്തു.