കൊച്ചി : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനിൽ ആന്റണിക്കെതിരെ ആരോപണവുമായി ദല്ലാൾ ടി.പി നന്ദകുമാർ. അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്നും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നൽകിയെന്നും നന്ദകുമാർ പറഞ്ഞു.
യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ഡല്‍ഹിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്ന് ടിപി നന്ദകുമാര്‍ പറഞ്ഞു. ഡല്‍ഹിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു.
ചില പ്രതിരോധ രേഖകൾ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. വിവരങ്ങൾ പി.ജെ കുര്യന് അറിയാം. എകെ ആന്റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് വെളിപ്പെടുത്താത്തത്. ആരോപണങ്ങൾ അനിൽ ആന്റണി നിഷേധിച്ചാൽ എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു.