വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന; കൊച്ചിയില്‍ സീരിയില്‍ സഹസംവിധായകന്‍ പിടിയില്‍
കൊച്ചി: വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതിനിടെ സീരിയല്‍ സഹസംവിധായകന്‍ അറസ്റ്റില്‍. മലയാളത്തിലെ പ്രമുഖ സീരിയലിന്റെ സഹസംവിധായകനായ കുന്നത്തുനാട് ഒക്കല്‍ക്കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സീരിയല്‍ ഷൂട്ടിംഗ് മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഇയാള്‍ വാറ്റിലേക്ക് തിരിഞ്ഞത്.
വീട്ടില്‍ ചാരായം വാറ്റുന്നുവെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്.
അന്വേഷണ സംഘം സ്ഥലത്ത് എത്തിയതോടെ പ്രതി അകത്ത് നിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന ചാരായവും വാഷും ടോയ്ലറ്റില്‍ ഒഴിച്ചുകളഞ്ഞ ശേഷമാണ് വാതില്‍ തുറന്നത്. വാറ്റിന്റെ മണം പോകാന്‍ പാത്രത്തിലും തറയിലും മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ ഏറെ നേരം പണിപ്പെട്ട ശേഷമാണ് വാതില്‍ തുറക്കാനായത്. അതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ചാരായവും വാഷും പിടികൂടാനായത്. പെരുമ്പാവൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.