പ്രമുഖ ടെലിവിഷന്‍ താരം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീരിയല്‍ താരം വി.ജെ ചിത്ര (29) യെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ ചിത്ര ജീവനൊടുക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം.

ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ 2.30 നാണ് ചിത്ര ഹോട്ടല്‍ മുറിയിലെത്തിയത്. സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോടു പുറത്തേക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഹേമന്ത് വാതിലില്‍ മുട്ടി നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.

ഇതേതുടര്‍ന്നു, ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് മുറിയുടെ മറ്റൊരു താക്കോല്‍ വാങ്ങി ഹേമന്ത് വാതില്‍ തുറന്നു നോക്കയപ്പോഴാണ് മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചിത്രയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ നസ്രത്ത്‌പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് ചിത്ര. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രശസ്തയാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News