തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ വ്യാപക പരിശോധന.
ടെക്‌നോ പാർക്കിൽ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരും ജോലിക്കെത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റ്, വിമാനത്താവളം, ആളുകൾ കൂടുന്ന മറ്റിടങ്ങളിലെല്ലാം പരിശോധന കർശനമാക്കി. വാഹനങ്ങളടക്കം പരിശോധന നടത്തിവരികയാണ്.
കോട്ടയം നഗരത്തിലും കോഴിക്കോട് നഗരത്തിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡ്, പൊലീസ്, ആർപിഎഫ് സംയുക്ത പരിശോധന നടത്തുകയാണ്. ഷോപിംഗ് മാൾ, ബസ് സ്റ്റാൻഡ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതനിർദ്ദേശം നൽകി. അതേസമയം, പത്തനംതിട്ട പരുമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയിൽ പെരുന്നാൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിലും പരിശോധന നടക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ദില്ലിയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.