ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും രഹസ്യ തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പുതിയ തുരങ്കം കണ്ടെത്തിയത്. ഭീകരാക്രമണങ്ങള്‍ക്കായി ഇന്ത്യയിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചതെന്നാണ് സൂചന.
രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്. 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ തുരങ്കം അതിര്‍ത്തി രക്ഷാസേനയാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നടി വിസ്താരത്തില്‍ 30 അടി താഴ്ചയിലൂടെയാണു തുരങ്കം നിര്‍മിച്ചിരുന്നത്.
ജനുവരി 13ന് മറ്റൊരു തുരങ്കം ഇന്ത്യ കണ്ടെത്തിയിരുന്നു. ഹിരണ്‍നഗര്‍ സെക്ടറില്‍ 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റര്‍ ദൈര്‍ഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബര്‍ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.
ശൈത്യകാലത്തു പോലും ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും കാഷ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുമുള്ള പാക്കിസ്ഥാന്റെ ശ്രമം തുടരുന്നതിന്റെ സൂചനയാണ് തുരങ്കമെന്നാണ് ഡല്‍ഹിയില്‍ പ്രതിരോധ സേനയിലെ വിദഗ്ധരും വിലയിരുത്തുന്നത്.