26.8 C
Kottayam
Sunday, May 5, 2024

അമ്മ ചെരിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കുട്ടിയാനയെ കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി

Must read

തിരുവനന്തപുരം: വിതുരയ്ക്ക് അടുത്ത് കല്ലാറില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മറവ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പത്ത് വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ചെരിഞ്ഞ ആനയ്‌ക്കൊപ്പമുണ്ടായിരുന്ന കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ചെരിഞ്ഞ ആനയ്‌ക്കൊപ്പം കുട്ടിയാനയുമുണ്ടായിരുന്നു.

ജീവന്‍ നഷ്ടമായ തള്ളയാനയെ വിട്ടു പോകാന്‍ തയ്യാറാവാതിരുന്ന കുട്ടിയാന അമ്മയാനയെ തൊട്ടും തലോടിയും മണിക്കൂറുകളോളം ഒപ്പം നിന്നു. കുട്ടിയാനയെ സ്ഥലത്ത് മാറ്റിയാല്‍ മാത്രമേ ചെരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാവൂ എന്നതിനാലും ചെറിയ പ്രായത്തിലുള്ള കുട്ടിയാനയെ കാട്ടിലേക്ക് കയറ്റി വിടുന്നത് അപകടകരമാണെന്നതിനാലുമാണ് ആനയെ കോട്ടൂര്‍ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പ്രാഥമിക പരിശോധനയില്‍ ആനയുടെ മരണകാരണം കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മരണകാരണം വ്യക്തമാവും എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്ബിലാണ് ആന ചെരിഞ്ഞത്. രാവിലെ ഇവിടെ റബ്ബര്‍ വെട്ടാന്‍ എത്തിയവരാണ് ചെരിഞ്ഞ നിലയില്‍ ആനയേയും ഒപ്പമുള്ള കുട്ടിയാനയേയും കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

ആനയെ ആരും വേട്ടയാടിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നും എന്തെങ്കിലും അസുഖം മൂലം ആന ചെരിഞ്ഞതാണോയെന്ന് സംശയമുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടിയാനയെ കൂടാതെ വേറെ ആനകളുടെ സാന്നിധ്യമൊന്നും പ്രദേശത്ത് തിരിച്ചറിയാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week