യൂട്യൂബർമാർക്ക് പിന്നിൽ ഗൂഢ സംഘം, കാശുകൊടുത്താൽ സിനിമ നല്ലതെന്ന് പറയും-ഗണേഷ് കുമാർ

ദുബായ്: ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എ-യുമായ കെ ബി ഗണേഷ് കുമാര്‍. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയേയും മോശമെന്ന് ഇവര്‍ വിമര്‍ശിക്കും.

പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢ സംഘം ഉണ്ടെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. അടുത്ത നിയമസഭാ സമ്മേളത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം. ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തിരുന്ന് പ്രതിപക്ഷത്തെ പോലെ താന്‍ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനത്തില്‍ അടിസ്ഥാനമില്ല. ഏതെങ്കിലും പക്ഷത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരെയല്ല തന്റെ വിമര്‍ശനം. സംവിധാനത്തിലെ പോരായ്മകളെയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ ഗോള്‍ഡന്‍ വിസ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസിഎച്ച് ഡിജിറ്റല്‍സര്‍വ്വീസിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് ഗണേഷ് കുമാര്‍ വിസ ഏറ്റു വാങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News