NationalNews

തമിഴ്‌നാട്ടില്‍ ധാരണ: കോണ്‍ഗ്രസിന് 9 സീറ്റ്, സിപിഎമ്മിനും സിപിഐക്കും 2 വീതം;ഡി,എം.കെ 21 സീറ്റില്‍ മത്സരിയ്ക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്തി. തമിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റില്‍ കോണ്‍ഗ്രസിന് 9 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റും ലഭിക്കും. 2019ല്‍ പത്തുസീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒമ്പതിടത്തു ജയിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷന്‍ കെ.സെല്‍വപെരുംതഗയും തമ്മില്‍ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോലിന്റെയും അജോയ് കുമാറിന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്നു കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), സിപിഎം, സിപിഐ പാർട്ടികൾ രണ്ടു സീറ്റിൽ വീതം മത്സരിക്കും. ചിദംബരം, വില്ലുപുരം സീറ്റുകളിലാണ് വിസികെ മല്‍സരിക്കുന്നത്. ഈ രണ്ട് സംവരണ മണ്ഡലങ്ങളും ഇപ്പോള്‍ വിസികെയുടെ സിറ്റിങ് സീറ്റുകളാണ്. മുസ്‌ലിം ലീഗ്, വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ, കെഎംഡികെ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ വീതവും മത്സരിക്കും. ഡിഎംകെ 21 സീറ്റുകളിലാണ് മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് വിജയിച്ചത്. ഒരു സീറ്റിൽ അണ്ണാഡിഎംകെ വിജയിച്ചു.

നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം ഡിഎംകെ സഖ്യത്തില്‍ ഔദ്യോഗികമായി ചേരുന്നു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. അതേസമയം, ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി ഇത്തവണ കമല്‍ഹാസന്‍ രംഗത്തുണ്ടാകും. പകരം അടുത്ത വര്‍ഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാമെന്നാണ് ധാരണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button