24.4 C
Kottayam
Saturday, May 25, 2024

സ്‌റ്റേഡിയത്തിന്റെ വാടക അടച്ചില്ല, അനുമതിയില്ല,താരനിശയ്ക്ക് തിരിച്ചടിയായത് സ്‌പോണ്‍സര്‍മാരുടെ പിടിപ്പുകേട്,നഷ്ടം കോടികള്‍

Must read

കൊച്ചി: സ്‌പോൺസ‌ർമാരുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടാണ് ദോഹയിൽ നടക്കേണ്ടിയിരുന്ന മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ‘മോളിവുഡ് മാജിക്’ എന്ന താരനിശ നടക്കാതെ പോയതെന്ന് വിവരം. മാർച്ച് ഏഴിനാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സ്‌പോൺസർമാർ തമ്മിലുളള സാമ്പത്തിക പ്രശ്നമാണ് പരിപാടിറദ്ദാക്കുന്നതിലേക്ക് നയിച്ചത്.

പരിപാടി നടത്താൻ തീരുമാനിച്ചിരുന്ന സ്റ്റേഡിയത്തിന്റെ വാടക പോലും സ്‌പോൺസ‌ർമാർ പൂർണമായി നൽകിയിരുന്നില്ല. ഇതോടെ താരനിശ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അധികൃതർ സ്റ്റേഡിയം പൂട്ടി പോകുകയായിരുന്നു. പരിപാടി നടത്താൻ സ്‌പോൺസർമാർ ഖത്തർ ഭരണകൂടത്തിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.പരിപാടി കാണാനായി സ്റ്റേഡിയത്തിലെത്തിയവർക്ക് പാർക്കിംഗ് സൗകര്യം പോലും ലഭ്യമല്ലായിരുന്നു. കാണികൾ വാഹനങ്ങൾ കീലോമീറ്ററുകളോളം അകലെ പാർക്ക് ചെയ്തതിന് ശേഷമാണ് സ്റ്റേഡിയത്തിലെത്തിയത്.

നാലായിരത്തോളം ടിക്കറ്റുകളാണ് താരനിശ കാണുന്നതിനായി വിറ്റുപോയത്. ടിക്കറ്റ് എടുത്തവർക്ക് പണം 60 ദിവസത്തിനുളളിൽ തിരികെ നൽകാമെന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘91’ ഉറപ്പ് നൽകിയതോടെയാണ് സംഘർഷം ഒഴിവായത്. തുടർന്ന് പൊലീസ് എത്തിയാണ് കാണികളെ സ്റ്റേഡിയത്തിൽ നിന്നും ഒഴിപ്പിച്ചത്. മോളിവുഡ് മാജികിനായി ദോഹയിലെത്തിയ നൂറോളം താരങ്ങൾക്ക് തിരികെ നാട്ടിലേക്ക് മടങ്ങാനുളള വിമാന ടിക്കറ്റിന്റെ പണവും സ്‌പോൺസർമാർ നൽകാത്തതിനെ തുടർന്ന് ട്രാവൽ ഏജൻസികളും യാത്രകൾ റദ്ദ് ചെയ്യുകയായിരുന്നു. ഇതോടെ താരങ്ങളെ നാട്ടിലെത്തിക്കാൻ നിർമാതാക്കളാണ് നടപടികൾ സ്വീകരിച്ച് വരുന്നത്.

പരിപാടി റദ്ദാക്കിയതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. താരങ്ങളുടെ പരിശീലനത്തിനും താമസത്തിനുമായി മാത്രം ചെലവായത് പത്ത് കോടിയോളം രൂപയാണ്. നിർമാതാക്കളുടെ നഷ്ടം പരിഹരിക്കാനായി സിനിമ ചെയ്യാനുളള തീരുമാനത്തിലാണ് അമ്മ സംഘടന. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് സിനിമ ചെയ്യാമെന്ന ധാരണ മുൻപുണ്ടായിരുന്നു. ഈ സംഭവത്തോടെ സിനിമയുടെ പ്രോജക്ട് ഉടൻ ആരംഭിക്കാനുളള തീരുമാനവും ഉണ്ടാകുന്നുണ്ട്.

മോഹൻലാൽ, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി ഉൾപ്പെടെയുള്ള നൂറ്റിഇരുപതോളം താരങ്ങളാണ് റിഹേഴ്സലിന് വേണ്ടി ദിവസങ്ങളാണ് ചെലവഴിച്ചത്.

ആഴ്ചകൾക്കു മുൻപ് കൊച്ചിയിൽ പരിശീലനവും ആരംഭിച്ചു. വലിയ തിരക്കുകൾക്കിടിയിലാണ് സൂപ്പർതാരങ്ങളടക്കമുളളവർ ദോഹയിൽ എത്തിയത്. പരിപാടി റദ്ദാക്കിയതോടെ നൂറോളം താരങ്ങളാണ് നിരാശരായി നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തിയാൽ ഉടൻ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week