FeaturedKeralaNews

മന്ത്രിമാർക്ക് ഇളവു നൽകിയേക്കും, മാനദണ്ഡം പാലിച്ചാൽ എം.എൽ.എമാരിൽ ചിലരും ഔട്ട്, സി.പി.എമ്മിൻ്റെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ

തിരുവനന്തപുരം:രണ്ട് തവണ തുടർച്ചയായി ജയിച്ചവർ മത്സരിക്കേണ്ടെന്ന സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിൽ ഇളവുതേടി ചില ജില്ലാ കമ്മിറ്റികൾ. ഭരണത്തുടർച്ചയ്ക്കായി പരമാവധി സീറ്റുകൾ നേടാൻ മന്ത്രിമാർ ഉൾപ്പെടെ പലരുടെയും കാര്യത്തിൽ ഇളവുനൽകണമെന്നാണ് ആവശ്യം. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും ഇളവുവേണമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് മന്ത്രി എം.എം. മണിയുടെ കാര്യത്തിലും ഇതേ നിലപാടിലാണ്.

അതേസമയം രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവരുടെ പേരുകൾ ജില്ലാ സെക്രട്ടേറിയറ്റുകൾ നിർദേശിക്കേണ്ടതില്ലെന്ന് ആലപ്പുഴയിലെ യോഗത്തിൽ സംബന്ധിച്ച സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ തന്നെ വ്യക്തമാക്കി. അത്തരം കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചോളുമെന്നും പറഞ്ഞു. എല്ലാ ജില്ലാ സെക്രട്ടേറിയറ്റുകൾക്കുമുള്ള സൂചനയായി ഈ വിശദീകരണം.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടനുസരിച്ചുള്ള പട്ടികയാണ് നൽകിയിരിക്കുന്നത്. വ്യവസ്ഥകൾ അതേപടി പാലിച്ചാൽ മന്ത്രി ഇ.പി. ജയരാജൻ, ജെയിംസ് മാത്യു, ടി.വി. രാജേഷ്, സി. കൃഷ്ണൻ എന്നിവർ പിന്മാറേണ്ടിവരും. ഇതിൽ ഇ.പി. ജയരാജൻ ഒഴിച്ചുള്ളവരുടെ കാര്യത്തിൽ മാറ്റം ഉണ്ടാവില്ല. അതേസമയം വ്യവസ്ഥകൾ അനുസരിക്കാനായി ഇനി മത്സരത്തിനില്ലെന്ന് ഇ.പി. ജയരാജൻ യോഗത്തിൽ പറഞ്ഞെന്നാണ് സൂചന.

മന്ത്രിമാരിൽ ചിലർക്കുമാത്രം ഇളവുനൽകിയാൽ അത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടനൽകും. അതുകൊണ്ട് ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗം സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകും. അതിനുമുമ്പുതന്നെ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കും.

രണ്ടുതവണ ജയിച്ച ഇ.പി. ജയരാജൻ വീണ്ടും മത്സരിക്കുന്നുണ്ടെങ്കിൽ അത് മട്ടന്നൂരിൽത്തന്നെ വേണമെന്ന വാദമുണ്ട്. എന്നാൽ, ഇപ്പോൾ കൂത്തുപറമ്പിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി കെ.കെ. ശൈലജയുടെ പേരാണ് മട്ടന്നൂരിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. കൂത്തുപറമ്പ് എൽ.ജെ.ഡി.ക്ക് വിട്ടുനൽകാനാണ് സാധ്യത.

മന്ത്രിമാരിൽ ചിലർക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകുകയാണെങ്കിൽ ഇ.പി.യുടെ കാര്യത്തിലും മറിച്ചൊരു തീരുമാനം ഉണ്ടാവില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ മട്ടന്നൂരോ സ്വദേശമായ കല്യാശ്ശേരിയോ അദ്ദേഹത്തിന് നൽകിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് രണ്ടാംതവണയും ജനവിധിതേടും.

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തും ആകാംക്ഷ നിലനിൽക്കുന്നു. മൂന്നു സാധ്യതകളാണ് പാർട്ടിക്കുമുന്നിലുള്ളത്.ഇക്കാര്യങ്ങളിൽ പി.ബി. നിലപാടും നിർണായകം.

തിരഞ്ഞെടുപ്പിനുശേഷം കോടിയേരി ബാലകൃഷ്ണൻതന്നെ വീണ്ടും സെക്രട്ടറിപദം ഏൽപ്പിക്കുക. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇത്.മത്സരിക്കുന്നില്ലെങ്കിൽ ഇപ്പോൾതന്നെ ഇ.പി. ജയരാജനെ സെക്രട്ടറിയായി നിയോഗിക്കുക. എ. വിജയരാഘവനെ ഇടതുമുന്നണി കൺവീനറായിത്തനെ നിലനിർത്തുക.

അടുത്ത സമ്മേളനംവരെ കാത്ത് പുതിയ സെക്രട്ടറിയെ കണ്ടെത്തുക. ഭരണത്തുടർച്ചയുണ്ടെങ്കിൽ മന്ത്രിയാവാത്ത മുതിർന്ന നേതാവിനെ പരിഗണിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button