വൈപ്പിനില്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും; യെമന്‍ പൗരന്മാര്‍ തിരയില്‍ പെട്ടത് കോഴ്‌സ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ

വൈപ്പിനില്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും; യെമന്‍ പൗരന്മാര്‍ തിരയില്‍ പെട്ടത് കോഴ്‌സ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ

കൊച്ചി: എറണാകുളം വൈപ്പിന്‍ വളപ്പ് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല. കടലില്‍ വീണ ഇരുവര്‍ക്കുമായി ഇന്ന് വീണ്ടും തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. 22 വയസ്സുള്ള ജിബ്രാന്‍ ഖലീല്‍, 21 വയസ്സുള്ള അബ്ദുല്‍ സലാം മവാദ് എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തിരയില്‍പ്പെട്ട് കാണാതായത്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും കോഴ്‌സ് പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് യെമന്‍ പൗരന്മാര്‍ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികള്‍ക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് പറയുന്നു.

ഒപ്പമുണ്ടായിരുന്ന മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുന്‍പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തരമായി ഈ ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിനെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News