തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം, മൂന്നു ജില്ലകളില്‍ ജാഗ്രത;കോവളത്ത് വിനോദ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തൃശ്ശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റം. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടൽക്ഷോഭം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
തൃശൂര്‍ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുകയാണ്. കടലേറ്റത്തില്‍ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാര്‍ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കടലില്‍ കടല്‍ ചുഴലി കണ്ടിരുന്നതായും തൊഴിലാളികള്‍ പറഞ്ഞു.
തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച കടല്‍ക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇല്ലായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
വലിയതുറ, പൊഴിയൂര്‍, പൂന്തുറ തുടങ്ങിയ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. അഞ്ചുതെങ്, വര്‍ക്കല മേഖലകളിലും കടല്‍ക്ഷോഭം ശക്തമാണ്.
പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു. കോവളത്തെ തീരപ്രദേശങ്ങളിലുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന്, പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്.
ആലപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴയിലും കടലാക്രമണം രൂക്ഷമാണ്. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു.