തൃശൂര്‍ എംജി റോഡില്‍ ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യാത്രക്കാരന്റെ മേല്‍ പിന്നാലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഉദയ്‌നഗര്‍ സ്വദേശി വിഷ്ണുദത്തന്‍ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.
വടക്കുന്നാഥ ക്ഷേത്രദര്‍ശനത്തിനായി അമ്മയോടൊപ്പം സ്‌കൂട്ടറില്‍ വരുന്‌പോഴായിരുന്നു സംഭവം. എംജി റോഡില്‍ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിറകിലൂടെയെത്തിയ തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വഴിനടയ്ക്കല്‍ ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡില്‍ തലയിടിച്ചുവീണ അമ്മയെ ഗുരുതരാവസ്ഥയില്‍ ഓടിയെത്തിയ നാട്ടുകാരും വെസ്റ്റ് പോലീസും ചേര്‍ന്ന് മെഡിക്കല്‍കോളജിലേക്ക് മാറ്റുകയായിരുന്നു.

