FeaturedKeralaNews

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടയ്ക്കുന്നു,ലോക്ക്ഡൗണില്‍ തീരുമാനമെടുത്ത്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.അടുത്ത രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം.23,30 തീയതികളില്‍ അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി.

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

മന്ത്രിസഭ യോഗ നിർദ്ദേശങ്ങൾ

വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും

രാത്രിയാത്രകള്‍ക്ക് നിരോധനം

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും

ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം

ബസുകളില്‍ നിന്നു കൊണ്ടുള്ള യാത്ര നിരോധിക്കും

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും

ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല.

പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും

മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും

കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും

കോളേജുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തും

റോഡുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും.

നാളെ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് അതിവേഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നതാണ് മൂന്നാം തരംഗത്തിൽ ആശങ്കയേറ്റുന്നത്. ഫെബ്രുവരി 15 വരെയുള്ള സമയം നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. 

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെത്തന്നെ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുകയാണ്. 

ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. 

സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോൾ ഡെൽറ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി. 

ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസർക്കാർ കണക്ക് കൂട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് ലഭ്യമായ സർക്കാർ, സ്വകാര്യമേഖലയിലെ ഐസിയു കിടക്കകളുടെ കണക്കും വെന്‍റിലേറ്ററുകളുടെ കണക്കും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകളും ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

രുചിയും മണവും ഉണ്ടെന്ന് കരുതി മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെടുന്നു. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. ഈ ഘട്ടത്തിൽ N 95 മാസ്കുകൾ തന്നെ ഉപയോഗിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

ഐസിയുകളും വെന്‍റിലേറ്ററുകളും സജ്ജമാണെന്നതിനൊപ്പം സംസ്ഥാനത്ത് നിലവിൽ 71 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.  

ആരോഗ്യപ്രവർത്തകർ വേഗം ബൂസ്റ്റർ ഡോസ് എടുക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ പൊതുജനം ഒഴിവാക്കണം. അടിയന്തരമല്ലാത്ത ഡോക്ടർ സന്ദർശനം ഒഴിവാക്കി പകരം ടെലിമെഡിസിൻ വഴി ചികിത്സ തേടാം. ഹോം കെയർ കൊവിഡ് വ്യാപനഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പനിയടക്കമുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്. അങ്ങനെ ഉള്ളവർ പൊതുസമൂഹത്തിലേക്ക് ഇറങ്ങരുത്. വീടുകളിൽ ഐസൊലേഷൻ ഉറപ്പാക്കണം. പ്രായമുള്ളവരും ഗുരുതരരോഗികളും വളരെ ശ്രദ്ധിക്കണം. വ്യക്തികളിൽ വൈറസ് ഉണ്ടാക്കുന്ന മാറ്റങ്ങൾ പല തരത്തിലാണ്. മൂന്നാഴ്ച കൊണ്ട് ഒമിക്രോൺ കേസുകളിൽ കുത്തനെയാണ് വർദ്ധനയുണ്ടായത്. രണ്ടാം തരംഗത്തേക്കാൾ പ്രതിദിന കേസുകൾ ഉണ്ടാകും എന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. 

രോഗബാധ അതിന്‍റെ ഏറ്റവും ഉന്നതിയിൽ എത്തുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു ആദ്യ രണ്ട് തരംഗങ്ങളിൽ സംസ്ഥാനം സ്വീകരിച്ച രീതി. സംസ്ഥാനത്ത് ഡെൽറ്റ വകഭേദം മൂലം ഉണ്ടായ വലിയ രോഗവ്യാപനത്തിന്‍റെ പീക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഒമിക്രോൺ വ്യാപനമുണ്ടായതെന്ന് വീണാ ജോർജ് പറയുന്നു. അതിനാൽ ജാഗ്രത വേണം. ആദ്യരണ്ട് തരംഗങ്ങളിൽ നിന്ന് വിഭിന്നമാണ് ഇത്തവണ. തുടക്കത്തിൽത്തന്നെ അതിതീവ്രവ്യാപനമാണ് ഉണ്ടാകുന്നത്. അതിനാൽത്തന്നെ അതീവജാഗ്രത അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു. 

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പരിശോധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരണം

നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.

സമ്പര്‍ക്കം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button