ടോക്കിയോ: ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന കാരണത്താല്‍ പെണ്‍കുട്ടികളോട് മുടി ഉയര്‍ത്തിക്കെട്ടി സ്‌കൂളിലെത്താന്‍ പാടില്ലെന്ന് ജപ്പാന്‍. പെണ്‍കുട്ടികളുടെ കഴുത്തിന്റെ പിന്‍ഭാഗം ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്നാണ് അധികൃതരുടെ വാദം.
പോണിടെയ്ല്‍ പോലുള്ള മുടിക്കെട്ട് ഇനിമുതല്‍ സ്‌കൂളുകളില്‍ അനുവദനീയമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കഴുത്തിന്റെ പിന്‍ഭാഗം മറയുന്ന രീതിയില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ മുടി കെട്ടണമെന്നാണ് നിയമമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിയമത്തോട് വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത അനീതി രേഖപ്പെടുത്തിയിരുന്നെങ്കിലും നിയമം തല്ക്കാലം നീക്കിയിട്ടില്ല.
ഇതാദ്യമായല്ല ഇത്തരത്തില്‍ വിചിത്ര നിയമങ്ങള്‍ ജപ്പാന്‍ നടപ്പിലാക്കുന്നത്. മുമ്പ് സ്‌കൂളില്‍ വരുമ്പോള്‍ കുട്ടികള്‍ വെള്ള നിറത്തിലുള്ള അടിവസ്ത്രം ധരിക്കണമെന്ന നിയമം ജപ്പാനില്‍ നിലവിലുണ്ടായിരുന്നു. കുട്ടികളുടെ സോക്സിന്റെ നിറത്തിലും പാവാടയുടെ ഇറക്കത്തിലും പുരികത്തിന്റെ ആകൃതിയിലും വരെ ജപ്പാനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മുടി കളര്‍ ചെയ്യുന്നതും അനുവദനീയമല്ല.
നിലവിലെ പോണിടെയ്ല്‍ നിരോധനം പല വിവാദങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ജപ്പാന്‍ സ്‌കൂളുകളില്‍ ബോബ് ഹെയര്‍സ്റ്റൈലിന് വിലക്കില്ല എന്നിരിക്കേ പോണിടെയ്ലിന് വിലക്കേര്‍പ്പെടുത്തിയതില്‍ ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.