തലയ്ക്ക് മുകളില്‍ ബാഗ് ഉയര്‍ത്തിപ്പിടിച്ച് പുഴ നീന്തി കടന്ന് സ്‌കൂളിലെത്തി ഒരു അധ്യാപിക; അധ്യാപികയുടെ അര്‍പ്പണ മനോഭാവത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
ഭുവനേശ്വര്‍: പാലമില്ലാത്തതിനെ തുടര്‍ന്ന് ബാഗ് തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് പുഴ കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപികയുടെ അര്‍പ്പണ മനോഭാവത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. പാലമില്ലാത്തതിനാല്‍ ബാഗ് തലയ്ക്ക് മുകളില്‍ പിടിച്ച് പുഴ കടക്കുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് അപകടമാണെന്ന് അറിഞ്ഞിട്ടും പുഴ താണ്ടി സ്‌കൂളില്‍ എത്തുന്ന ഇവര്‍ ഒരു അധ്യാപികയാണെന്ന വിവരം പുറത്ത് വന്നത്. ഇപ്പോള്‍ ഈ അധ്യാപികയുടെ അര്‍പ്പണബോധത്തെ വാഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.
ഒഡീഷയിലെ ഠേംഗാനല്‍ ജില്ലയിലെ രഠിയാപാല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപിക ബിനോദിനി സമാലാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കഴിഞ്ഞ 11 വര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപികയാണ് 49കാരിയായ ബിനോദിനി. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ വര്‍ഷത്തില്‍ നാലുമാസം കരകവിയുന്ന സാപുവാ നദിയാണ് ബിനോദിനി നീന്തി കടക്കുന്നത്.
പലപ്പോഴും നാട്ടുകാരായ പുരുഷന്മാര്‍ ബിനോദിനിക്ക് വഴികാട്ടിയായി പോകാറുണ്ട്. ഇതാണ് ഏക ആശ്വാസം. പുഴയില്‍ വെള്ളം നിറയുന്നതോടെ സ്‌കൂളിലേക്ക് വരുന്നത് നിര്‍ത്താന്‍ ബിനോദിനിയോട് നാട്ടുകാര്‍ പലപ്പോഴും ആവശ്യപ്പെടും. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞാണ് അവര്‍ സ്‌കൂളില്‍ എത്തുന്നത്. 53 കുട്ടികളാണ് സ്‌കൂളിലുള്ളത്.
‘കഴിഞ്ഞവര്‍ഷം, ഒഴുക്കില്‍പ്പെടാതെ തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപ്പെട്ടത്. പക്ഷെ എങ്ങനെയാണ് സ്‌കൂളില്‍ പോകാതിരിക്കാനാവുക’ ബിനോദിനി പറയുന്നു. പുഴയ്ക്കു കുറുകേ പാലം നിര്‍മ്മിക്കണമെന്നത് രണ്ടുപതിറ്റാണ്ടിലേറെയായി നാട്ടുകാരുടെ ആവശ്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ ആവശ്യം പരിഗണിച്ചിട്ടില്ല.