എട്ടാം ക്ലാസുകാരികൾ രണ്ടുദിവസമായി ആബ്‌സെന്റ്; പോയത് കോഴിക്കോട്ടെ മറ്റൊരു സ്‌കൂളിലേക്ക്, അധ്യാപകരെ ഞെട്ടിച്ച ആൾമാറാട്ടം

കോഴിക്കോട്: ജില്ലയിലെ ഒരു സ്‌കൂളില്‍ രണ്ട് ദിവസമായി എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ ആബ്‌സന്റ്. അധ്യാപകര്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന് മറുപടി. കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നെന്ന ആശങ്കയില്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കുട്ടികളെ പൊക്കി. പക്ഷെ, കോഴിക്കോട്ടെ തന്നെ മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്നാണെന്ന് മാത്രം.

ക്ലാസ് കട്ട് ചെയ്ത് ബീച്ചിലും പാര്‍ക്കിലും സിനിമയ്ക്കുമൊക്കെ പോകുന്ന കുട്ടികളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഈ എട്ടാം ക്ലാസുകാരികള്‍ പോയത് മറ്റൊരു സ്‌കൂളിലെ ക്ലാസിലേക്കാണ്. അതിന് പിന്നില്‍ ഒരു കഥയുമുണ്ട്.

രണ്ടു പേരില്‍ ഒരാള്‍ നേരത്തെ പഠിച്ചിരുന്നത് ഇവര്‍ രണ്ടുദിവസമായി പോയിക്കൊണ്ടിരിക്കുന്ന സ്‌കൂളിലാണ്. വീടുമാറിയപ്പോള്‍ കുട്ടിക്ക് സ്‌കൂളും മാറേണ്ടി വരികയായിരുന്നു. സ്‌കൂള്‍ മാറാന്‍ താത്പര്യം ഇല്ലെന്ന് പലതവണ രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ ഒരുകണക്കിനും സമ്മതിച്ചില്ല. കുട്ടിക്ക് ആണ്‍ സുഹൃത്തിനെ പിരിയാനും താല്‍പര്യമുണ്ടായിരുന്നില്ല.

ഒടുവില്‍ കുട്ടി, പുതിയ സ്‌കൂളിലെ പുതുതായി കിട്ടിയ കൂട്ടുകാരിയോട് വിഷമം പറഞ്ഞു. രണ്ട് പേരും കൂടി പ്രശ്‌നത്തിനൊരു പരിഹാരവും കണ്ടെത്തി. ആണ്‍സുഹൃത്ത് പഠിക്കുന്ന ക്ലാസില്‍ തല്‍ക്കാലം കയറിപ്പറ്റുക അതായിരുന്നു പരിഹാരം. അങ്ങനെ രണ്ട് പേരും കൂടി ആ സ്‌കൂളില്‍ എത്തി ആണ്‍സുഹൃത്ത് പഠിക്കുന്ന ക്ലാസും കണ്ടുപിടിച്ചു. ക്ലാസില്‍ കയറുകയും ചെയ്തു. ആദ്യം അവിടെ പഠിച്ചയാള്‍ യൂണിഫോമിലും സഹായിക്കാന്‍ വന്ന കൂട്ടുകാരി കളര്‍ ഡ്രസിലും.

ക്ലാസിന്റെ ചുമതലയുള്ള ടീച്ചറുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ രണ്ട് പേരും ശ്രദ്ധിച്ചു, കോവിഡിനെ കരുതി ഒരിക്കലും ക്ലാസില്‍ മാസ്‌ക് താഴ്ത്തിയതും ഇല്ല. മറ്റ് അധ്യാപകര്‍ ചോദിച്ചപ്പോള്‍ യൂണിഫോം തയ്ച്ചുകിട്ടിയില്ലെന്ന് കള്ളം പറഞ്ഞു. സ്‌കൂള്‍ തുറന്നിട്ട് അധികദിവസം ആയിട്ടില്ലാത്തതിനാല്‍ അധ്യാപകര്‍ അത് വിശ്വസിക്കുകയും ചെയ്തു.

ഒടുവില്‍ രണ്ടുദിവസമായിട്ട് സ്‌കൂളിലേക്കെന്ന് പറഞ്ഞുപോകുന്ന കുട്ടികളുടെ പിറകെ രക്ഷിതാക്കളും അധ്യാപകരും പോയപ്പോളാണ് കുട്ടികളുടെ കള്ളക്കളി വെളിച്ചത്തായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News