തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം.
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വൺ ക്ലാസുകളും പരീക്ഷകളും പൂർത്തിയാകാത്തതാണ് തീരുമാനം വൈകാൻ കാരണം.
ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും. അധ്യായനവർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം നടത്തും.
ഉന്നത വിദ്യാഭ്യസ മന്ത്രി ആർ.ബിന്ദു വിളിച്ച സർവകലാശാല വൈസ് ചാൻസർമാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ ധാരണയായത്. ജൂൺ 15 മുതൽ അവസാനവർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ ഷെഡ്യൂൾ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിർദേശിച്ചു.
ഓഫ്ലൈൻ പരീക്ഷകൾക്കാണ് കൂടുതൽ സർവകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്. ഇതിനിടെ ഓൺലൈൻ പഠനം സംബന്ധിച്ച യുജിസി പുറത്തിറക്കിയ കരട് രൂപരേഖ ജൂൺ മൂന്നിനകം വിസിമാരുടെ യോഗം ചർച്ച ചെയ്യും. നിർദേശങ്ങൾ യുജിസിയെ അറിയിക്കും.