തിരുവനന്തപുരം: കേരള സ്‌കൂൾ കലോത്സവത്തിൽ ഒരു വിദ്യാർത്ഥിക്ക് മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി കുറച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. അറബിക്, സംസ്‌കൃത കലോത്സവങ്ങളിലും ജനറൽ വിഭാഗത്തിലുമായി ആകെ അഞ്ച് ഇനങ്ങളിലേ ഇനി മുതൽ മത്സരിക്കാനാവൂ. മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാർത്ഥിക്ക് മത്സരിക്കാവുന്നത് എന്നാണു ചട്ടം.
അറബിക്, സംസ്‌കൃത കലോത്സവങ്ങൾ സ്‌കൂൾ കലോത്സവത്തിന് ഒപ്പമാണ് നടന്നിരുന്നതെങ്കിലും ഇതു മറ്റൊരു വിഭാഗമായാണു മുൻപ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ വിഭാഗങ്ങളിൽ 5 ഇനങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾക്കും ജനറൽ വിഭാഗത്തിൽ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, അറബിക്, സംസ്‌കൃത മത്സരയിനങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതില്ല എന്നും അതനുസരിച്ച് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്നുമാണു പുതിയ നിർദ്ദേശം. ഉപജില്ലാ കലോത്സവത്തിനു പേര് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുമ്പോഴാണ് മാറ്റം അറിഞ്ഞതെന്ന് അദ്ധ്യാപകർ പറയുന്നു.
സ്‌കൂൾ കലോത്സവ നടത്തിപ്പിനായി 8ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽനിന്ന് പണം ഈടാക്കരുതെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് പിരിവു നിർബാധം തുടരുന്നു. 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാഭ്യാസം പൂർണമായും സൗജന്യമാണെന്നതിനാൽ ഈ ക്ലാസുകളിലെ കുട്ടികളിൽനിന്ന് ഒരു തുക പോലും പിരിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുണ്ട്. ഇത് ലംഘിച്ചാണ് പിരിവ്.
9- 12 ക്ലാസ് വിദ്യാർത്ഥികളിൽനിന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചതില ുമേറെ തുക പിരിച്ചുനൽകാൻ നിർദേശിക്കുന്നതിനൊപ്പമാണ് പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കും വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ വിഹിതവും സബ് ജില്ലാ കലോത്സവ നടത്തിപ്പിനായി നൽകണമെന്നാണ് നിർദ്ദേശം. തുക അടച്ചില്ലെങ്കിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയും പല ഉപ ജില്ലകളിലുമുണ്ട്.