KeralaNews

‘പട്ടികജാതിയില്‍പ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാന്‍ വയ്യ’ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുറന്നെഴുതി ദളിത് വിദ്യാര്‍ത്ഥിനി

ഇടുക്കി: ഹൈക്കോടതി വിധി വന്നിട്ടും പഠനത്തിന് ലാപ്ടോപ്പ് നല്‍കാന്‍ വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുറന്ന് കാട്ടി വിദ്യാര്‍ത്ഥിനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നെടുങ്കണ്ട് വടക്കേടത്ത് വീട്ടില്‍ അനഘ ബാബു സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് ലാപ്ടോപ്പില്ലാതെ പഠനം വഴിമുട്ടിയ ദയനീയ അവസ്ഥയും തന്റെ കുറിപ്പിലൂടെ അനഘ പങ്കുവയ്ക്കുന്നു.

അനഘയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;

പട്ടികജാതിയില്‍പ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാന്‍ വയ്യ.

ഇടുക്കി ജില്ലയിലെ നെടുംക്കണ്ടം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഞാന്‍ താമസിക്കുന്നത്. വളരെയധികം സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്, ദലിതരാണ്. അച്ഛനും അമ്മയ്ക്കും ശാരീരിക വയ്യായ്മകള്‍ ഉണ്ട്.

ഞാന്‍ ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ പിജിയില്‍ ഒന്നാം വര്‍ഷം ചേരുന്ന സമയത്ത് തന്നെ(2018 ല്‍) പഞ്ചായത്തിന്റെ എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലാപ്ടോപ്പിനായുള്ള അപേക്ഷ ഗ്രാമസഭ മുഖാന്തരം സമര്‍പ്പിച്ചിരുന്നു. ആ വര്‍ഷം തന്നെ അര്‍ഹരായവരുടെ ലിസ്റ്റില്‍ എന്റെ അനിയത്തി ആര്‍ദ്ര ബാബുവിന്റെ പേര് വന്നിരുന്നു. എന്നാല്‍ നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ലാപ് ടോപ്പ് നല്‍കാതെ പഞ്ചായത്ത് അനാസ്ഥ കാണിച്ചു. 2018,2019 കാലഘട്ടത്തില്‍ പ്രളയം കാരണമാണ് വൈകിയതെന്ന് പറഞ്ഞു.ഒടുക്കം Dissertation പൂര്‍ത്തിയാക്കാന്‍ വഴിയില്ലാതെ ഞാന്‍ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപ്പിച്ചു. ഇത്തവണ KELTRON ല്‍ നല്‍കിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നത് എന്നുമായ് കാരണം പറച്ചില്‍. എന്നാല്‍ യാതൊരു നടപടിയുമായില്ല. ഞങ്ങളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി.സുഹ്യത്തിന്റെ കുറച്ച് പ്രശ്നങ്ങളുള്ള ലാപ് ടോപ്പ് കടം വാങ്ങിയാണ് ഞാന്‍ പിജി Dissertation പൂര്‍ത്തിയാക്കിയത്. ലാപ്പ്ടോപ്പ് കേടുവന്ന് വര്‍ക്ക് മുടങ്ങി രാത്രികളില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട് സാര്‍. അര്‍ഹതയുണ്ടായിട്ടും പഠനോപകരണം ലഭിക്കാതെ കടുത്ത മാനസിക സംഘര്‍ഷം ഞങ്ങളനുഭവിച്ചു.

തുടര്‍ന്ന് ദിശ എന്ന സംഘടന മുഖാന്തം അഡ്വ. Pk Santhamma മാഡം സൗജന്യമായാണ് ബഹു ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. WP(C).No.12752 OF 2020(T) ല്‍
ജസ്റ്റിസ് അലക്സാഡര്‍ ജേക്കബ് സാര്‍ ആദ്യ സിറ്റിംഗില്‍ തന്നെ അഞ്ചാഴ്ച്ചയ്ക്കകം ലാപ്പ് ടോപ്പ് നല്‍കുവാന്‍ ഉത്തരവിട്ടു. പഞ്ചായത്തിനോട് ഉത്തരവ് കെല്‍ട്രോണിന് അയക്കുവാനും ഉത്തരവില്‍ സൂചിപ്പിച്ചു.

ഇന്ന് ഹൈക്കോടതി വിധി പ്രകാരം , കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ ഒര്‍ജിനല്‍ പകര്‍പ്പുമായ് അനിയത്തിയും അമ്മയും പഞ്ചായത്തിലെത്തിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥന്‍ എന്ന മെമ്പറും അമ്മയെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിച്ചു. ‘നിങ്ങള്‍ക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാന്‍ പൈസയുണ്ടെങ്കില്‍ പിന്നെ പൈസ കൊടുത്ത് ലാപ്ടോപ്പ് വാങ്ങിച്ചാല്‍ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാന്‍ പിന്നെയും വരണോ’ എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു. ‘ഹൈക്കോടതി ഞാന്‍ പറയുന്നതാണ് കേള്‍ക്കുക, എന്റെ ഭാഗത്താണ് ന്യായം, കെല്‍ട്രോണ്‍ എപ്പോള്‍ തരുന്നോ അപ്പഴേ നിങ്ങള്‍ക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ ‘എന്നാണ് സെക്രട്ടറി അമ്മയോട് കയര്‍ത്ത് പറഞ്ഞത്.

ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ നിന്ന് പഠിച്ചാണ് ഞാന്‍ Sociology ല്‍ NET വാങ്ങിച്ചത്. അനിയത്തി ഭക്ഷണം പോലും കഴിക്കാതെ ആ പൈസ മാറ്റി വെച്ച് പുസ്തകങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ സ്റ്റെപന്റ് കൊണ്ട് മാത്രം മുന്നോട്ട് വിദ്യാഭ്യാസം കൊണ്ടുപോകുന്ന രണ്ട് ദലിത് വിദ്യാര്‍ത്ഥിനികളെയാണ് വീണ്ടും വീണ്ടും അധിക്യതര്‍ അപമാനിക്കുന്നത്.പഞ്ചായത്തിലേയ്ക്ക് വരാനുള്ള പൈസ പോലുമില്ലാത്ത രണ്ട് വിദ്യാര്‍ത്ഥിനികളോടാണ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഉത്തരവുമായ് ചെല്ലുമ്പോഴും ഞങ്ങള്‍ വീണ്ടും അപമാനിക്കപ്പെടുകയാണ്. ഞങ്ങളുടെ വീട് പൊട്ടിപൊളിഞ്ഞ് വീഴാറായിട്ടും ഞങ്ങള്‍ക്ക് ഉടനടി വീടു നല്‍കുമെന്നും ലിസ്റ്റില്‍ ഞങ്ങളുണ്ടെന്നും പറഞ്ഞ് വാര്‍ഡ് മെമ്പര്‍ എന്നെയും കുടുംബത്തേയും പറ്റിച്ചു. ഈ കേസ് കൊടുത്തതിന് ശേഷം പഞ്ചായത്ത് അധിക്യതര്‍ ഞങ്ങളുടെ പേര് വീടിനായുള്ള ഒരു ലിസ്റ്റിലുമില്ല എന്നാണ് അറിയാന്‍ സാധിച്ചത്.

ഞങ്ങള്‍ക്ക് അന്തസ്റ്റോടെ ജീവിക്കണം സാര്‍. ദയവായി പ്രസ്തുത വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കണെമെന്നും ഞങ്ങള്‍ക്ക് നീതി ഉറപ്പു വരുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker