ന്യൂഡല്‍ഹി: സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
11.20 ലക്ഷത്തിന് പകരം 33.20 ലക്ഷവും അതിന്റെ 9 ശതമാനം പലിശയും മരിച്ചയാളുടെ പിതാവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് കോടതിയുടെ ഉത്തരവ്. 2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് ജോലി വീട്ടുജോലിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാര്‍ 5.79 ദശലക്ഷം മാത്രമാണ് ജോലി വീട്ടുജോലിയായി രേഖപ്പെടുത്തിയത്.
ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. വീടുകളിലെ ആളുകളെ പരിചരിക്കാനായി 134 മിനിറ്റാണ് സ്ത്രീ ചെലവഴിക്കുന്നത്. ഒരു സ്ത്രീയുടെ സമയത്തില്‍ ശരാശരി 19 ശതമാനവും പ്രതിഫലമില്ലാത്ത ജോലിക്ക് വേണ്ടി ചെവവാക്കുകയാണെന്നും കോടതി പറയുന്നു.
ഗ്രാമീണ മേഖലയില്‍ ഈ സമയം വര്‍ധിക്കും. വീട്ടുജോലിക്ക് പുറമെ, കാര്‍ഷിക ജോലിയിലും കുടുംബത്തെ സഹായിക്കാന്‍ സ്ത്രീ സമയം ചെലവാക്കുന്നുവെന്നും ഇതിനും പ്രതിഫലമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.