കൊച്ചിയില്‍ റോഡിന് കുറുകെ കമ്പി കെട്ടി ബൈക്ക് യാത്രക്കാരനെ അപായപ്പെടുത്താന്‍ ശ്രമം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: റോഡിന് കുറുകെ കമ്പി കെട്ടി ബൈക്ക് യാത്രക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. മലയാറ്റൂര്‍ നീലിശ്വരത്തെ ഗോതമ്പ് റോഡില്‍ പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. നീലീശ്വരം സ്വദേശിയായ ബൈജുവിനാണ് അപകടത്തില്‍ സാരമായ പരുക്കേറ്റത്. റോഡിന് കുറുകെ നേരിയ കമ്പി വലിച്ചുകെട്ടിയാണ് ബൈജുവിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബൈജു റോഡില്‍ തലയിടിച്ച് വീണെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ രക്ഷപെടുകയായിരുന്നു. ബൈക്ക് തെറിച്ച് നൂറ് മീറ്റര്‍ മാറിയുള്ള കൃഷിയിടത്തിലാണ് തെറിച്ചു വീണത്. കഴുത്തിന് സാരമായി പരുക്കേറ്റ ബൈജു കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം, അപകടവിവരം പോലീസില്‍ അറിയിച്ചെങ്കിലും കാര്യമായെടുത്തില്ലെന്ന് പരുക്കേറ്റ ബൈജുവും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും ആരോപിച്ചു. എന്നാല്‍ വിവരം അറിഞ്ഞയുടന്‍ സംഭവ സ്ഥലത്തെത്തിയെന്നും, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കാലടി സി.ഐ. എം.ബി.ലത്തീഫ് പറഞ്ഞു. പരുക്കേറ്റ ബൈജു ലോറി ഡ്രൈവറാണ്. ദിവസവും പുലര്‍ച്ചെ ലോറിയെടുക്കാന്‍ വീട്ടില്‍നിന്ന് ബൈക്കില്‍ പോവുകയാണ് പതിവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News