മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാക്കുന്നതിന് നേരത്തെ തന്നെ ചർച്ചകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ഗാംഗുലി തന്നെയാണ് തന്റെ ബയോപിക് ഉടൻ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. രൺബീർ കപൂർ ആയിരിക്കും ദാദയായി ബിഗ് സ്ക്രീനിൽ എത്തുകയെന്നാണ് സൂചന.
ഒരു ബംഗാളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി സിനിമയെക്കുറിച്ച് സംസാരിച്ചത്. ”ബയോപ്പിക് ചെയ്യുന്നതിന് സമ്മതം നൽകിക്കഴിഞ്ഞു. ഹിന്ദിയിലായിരിക്കും ചിത്രം ഒരുങ്ങുന്നത്.അവസാനവട്ട ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. സംവിധായകൻ ഉൾപ്പടെയുള്ള കാര്യങ്ങൾ അതിന് ശേഷമേ പറയാനാകൂ”-ഗാംഗുലി വ്യക്തമാക്കി.
250 കോടി രൂപ മുതൽമുടക്കിൽ ബിഗ്ബജറ്റ് ചിത്രമായിരിക്കും വരുന്നത്. തിരക്കഥ അവസാന ഘട്ടത്തിലാണെങ്കിലും ജീവിതം മുഴുവൻ പറയുന്നതായിരിക്കും ചിത്രം എന്നാണ് സൂചന. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയതും കരിയറിലെ ഓരോ ഘട്ടവും ഇന്ത്യൻ നായകനായതും ലോകകപ്പ് വിജയവും ഒപ്പം ബിസിസിഐ പ്രസിഡന്റ് ആയതും വരെ എല്ലാം സമഗ്രമായി ഉൾപ്പെടുത്തുമെന്നാണ് വിവരം. നിർമാതാക്കൾ ആരെന്നത് പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രാഥമിക കരാറിൽ ഒപ്പു വച്ചു എന്ന് തന്നെയാണ് വിവരം.
ഋത്വിക് റോഷൻ ഉൾപ്പെടെയുള്ള താരങ്ങളെ നേരത്തെ ഗാംഗുലി ബയോപ്പിക്കിനായി പരിഗണിച്ചിരുന്നെങ്കിലും അക്കാര്യങ്ങൾ ദാദ തന്നെ നിഷേധിച്ചു. ഋത്വിക്കിന്റേത് തന്റെ ശരീര പ്രകൃതി അല്ലെന്നാണ് ഗാംഗുലി പറഞ്ഞത്.
ഒടുവിൽ രൺബീർ കപൂർ എന്ന നിർമാതാക്കളുടെ നിർദ്ദേശം സൗരവ് അംഗീകരിച്ചെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഈ വർഷം അവസാനം ഷൂട്ടിങ് തുടങ്ങാനാണ് ആലോചന.
നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻമാരായ സച്ചിൻ തെൻഡുൽക്കർ, എം.എസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ ജീവിതം സിനിമയായപ്പോൾ ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.