റിയാദ് : വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി ധനകാര്യ മന്ത്രാലയം. വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ വാട്സ്ആപ്പ് വഴി പങ്കുവെക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്വകാര്യത കാത്തു സൂക്ഷിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാട്സാപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുമെന്നും അതിന് അനുമതി നല്‍കാത്ത ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് വാട്സ് ആപ്പ് സേവനം ലഭ്യമാകില്ലെന്നും അടുത്തിടെയാണ് വാട്സാപ്പ് ഉപയോക്താക്കളെ അറിയിച്ചത്. വാട്സാപ്പ് ഉപയോഗിക്കുന്ന മൊബൈലിന്റെ ഐ.പി അഡ്രസ്സ്, സ്ഥാനം എന്നിവ വ്യക്തമാക്കും.
കൂടാതെ ഫോണ്‍ നമ്പര്‍, അക്കൗണ്ട് ഇമേജുകള്‍, വാട്സാപ്പ് വഴി ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫേസ്ബുക്കിന് കൈമാറാന്‍ വാട്സാപ്പിന് സാധിക്കുന്നതാണ് പുതിയ മാറ്റം. അതേസമയം, വാട്സാപ്പ് സ്വകാര്യത നയം ഫെബ്രുവരി എട്ടു മുതല്‍ നടപ്പാക്കില്ലെന്നുള്ള അറിയിപ്പും പുറത്തു വന്നിട്ടുണ്ട്.