KeralaNews

സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പുതിയ ജോലി സ്ഥലത്തേക്കായി ഇറങ്ങിയത് മരണത്തിലേക്ക്; സൗദിയില്‍ മലയാളി കുടുംബത്തെ ഒന്നാകെ കവര്‍ന്നെടുത്ത് റോഡപകടം

ദമ്മാം: പുതിയ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ജാബിറും ഭാര്യയും മൂന്നു മക്കളും. പക്ഷെ വിധി അവരെ പാതി വഴിയില്‍ തട്ടിയെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. മുഹമ്മദ് ജാബിറും ഷബ്‌നയും ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്ക് നടന്ന് പോയത് ഇപ്പോഴും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല പ്രവാസ ലോകത്തെ ഒരാള്‍ക്കും.

വീട്ടിലെ എല്ലാ സാധനങ്ങളും ഒരു ഡൈന വാഹനത്തില്‍ കയറ്റി അയച്ചാണ് ജാബിറും കുടുംബവും വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജിസാനിലേക്ക് തിരിച്ചത്. റിയാദ് വരെ തന്റെ വാഹനത്തിന്റെ തൊട്ടു പിറകിലായി ജാബിറിന്റെ കാറും ഉണ്ടായിരുന്നുവെന്നാണ് ഡൈന ഡ്രൈവര്‍ പറഞ്ഞത്.

പിന്നീട് അവരെ കാണാതായപ്പോഴും കൃത്യമായ ലൊക്കേഷന്‍ മാപ്പ് തന്നിരുന്നതിനാല്‍ അവരെ കാത്തുനില്‍ക്കാതെ അദ്ദേഹം സാധനങ്ങളുമായി നേരെ ജിസാനിലേക്ക് തന്നെ പോവുകയായിരുന്നു. പിന്നീടാണ് റിയാന്‍ ജനറല്‍ ആശുപത്രിയില്‍ മലയാളി നഴ്‌സുമാര്‍ നഴ്‌സിങ അസോസിയേഷന്റെ ഗ്രൂപ്പില്‍ പങ്കുവെച്ച വിവരത്തെ തുടര്‍ന്ന് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാന്റ്ക്രൂയിസര്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പുര്‍ പാണ്ടികശാലക്കണ്ടി വീട്ടില്‍ ആലിക്കോയയുടേയും ഹഫ്‌സയുടേയും മൂത്തമകനാണ് മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

17 കൊല്ലം ജീവിച്ച ജുബൈലില്‍ നിന്ന് ജിസാനിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കുടുംബം. അനിയന്‍ അന്‍വറിനേയും കുടുംബത്തിനെയും ഉറ്റസുഹൃത്തുക്കളെയും ഉള്‍പ്പെടെ പിരിയുന്ന ദുഖത്തിലാണ് 5 പേരും പുതിയ ജോലി സ്ഥലത്തേക്ക് തിരിച്ചത്.
ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളിലെ ഫീല്‍ഡ് ഓഫീസറായി ഒരാഴ്ചക്ക് മുമ്പ് തന്നെ ജാബിര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ജിസാനിലെ അബൂഹാരിസില്‍ താമസ സ്ഥലം ഒരുക്കിയതിന് ശേഷം ജുബൈലിലുള്ള കുടുംബത്തെ കൂട്ടിവരാനാണ് ജാബിര്‍ തിരികെയെത്തിയത്.

നാട്ടിലുള്ള കുടുംബം ഒരു മാസം മുമ്പാണ് സൗദിയിലെത്തിയത്. സൗദിയിലെ പ്രശസ്തമായ അബ്ദുള്‍ ലത്തീഫ് അല്‍ ജമീല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ജാബിറിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു വാക്ക് പോലും മോശമായി പറയാനില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിലടക്കം സജീവമായിരുന്നു ജാബിര്‍. ഈ കുടുംബത്തിന്റെ വിയോഗത്തോടെ തീരാ നഷ്ടമാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button