റിയാദ്: സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദില്‍ തുറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ര്‍ക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് എടുക്കണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോര്‍ തുറന്നേക്കും. അതേസമയം, റിപ്പോര്‍ട്ടുകളോട് സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചില്ല.
ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്പൂര്‍ണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥക്ക് ശേഷം വിഷന്‍ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്നും കരുതുന്നു.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ തുറക്കുക. അമുസ്ലിംകള്‍ക്ക് മാത്രമായിരിക്കും മദ്യം നല്‍കുക. അതേസമയം, അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് വ്യക്തമല്ല. സൗദിയിലെ ദശലക്ഷക്കണക്കിന് പ്രവാസികളില്‍ ഏറെയും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.
സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാല്‍ ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് ശിക്ഷ. പ്രവാസികള്‍ക്കും ശിക്ഷയില്‍ ഇളവില്ല. പരിഷ്‌കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടി ഒഴിവാക്കിയിരുന്നു.
നയതന്ത്ര ചരക്കുകളില്‍പ്പെടുത്തി മദ്യം ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് സംസ്ഥാന നിയന്ത്രിത മാധ്യമങ്ങള്‍ ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി അറേബ്യയിലെ മുസ്ലിം ഇതര രാജ്യങ്ങളുടെ എംബസികള്‍ക്ക് ലഭിക്കുന്ന വസ്തുക്കളുടെയും ലഹരിപാനീയങ്ങളുടെയും അനുചിതമായ കൈമാറ്റം തടയാന്‍ പുതിയ നിയന്ത്രണം സഹായിക്കുമെന്ന് അറബ് ന്യൂസ് ദിനപത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത കാലത്തായി കര്‍ശനമായ സാമൂഹിക നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സൗദി തയ്യാറായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, സംഗീത പരിപാടികള്‍, സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി.