സൗദി ബസ് അപകടം; രക്ഷപ്പെട്ടത് ഒരാൾ മാത്രം, അപകട സമയത്ത് ഇരുന്നത് ഡ്രൈവർ സീറ്റിന് സമീപം

സൗദി അപകടം; രക്ഷപ്പെട്ടത് മുഹമ്മദ് അബ്ദുൽ ഷോയിബ് മാത്രം, അപകട സമയത്ത് ഇരുന്നത് ഡ്രൈവർ സീറ്റിന് സമീപം

ദുബായ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. മരണത്തെ മുഖാമുഖം കണ്ട 24-കാരൻ മുഹമ്മദ് അബ്ദുൽ ഷോയിബാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഡ്രൈവർ അടക്കം 46 പേരായിരുന്നു ബസിലുണ്ടായിരുന്നത്. 45 പേരും അപകടത്തിൽ മരിച്ചു.

ഷോയിബ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഷോയിബ് ഹൈദരാബാദ് സ്വദേശിയാണ്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ആരോഗ്യനിലയെക്കുറിച്ച് വ്യക്തതയില്ലെന്നും അധികൃതർ അറിയിച്ചു. അപകട സമയത്ത് ഡ്രൈവർ സീറ്റിന് സമീപത്തെ സീറ്റിലായിരുന്നു ഷോയിബ് ഇരുന്നിരുന്നത്. നവംബർ ഒമ്പതിന് ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ച 54 അംഗ സംഘത്തിൽ 46 പേരാണ് അപകടത്തിൽപ്പെട്ടത്. ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ തീർത്ഥാടകരിൽ, ഒമ്പത് കുട്ടികളടക്കം ഒരു കുടുംബത്തിലെ പതിനെട്ട് പേരും ഉൾപ്പെടുന്നു. ഹൈദരാബാദ് സ്വദേശികളായ കുടുംബം ശനിയാഴ്ച മടങ്ങാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് 8002440003 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News