പട്ന: തന്റെ കുടുംബത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളിൽ ശ്രദ്ധിക്കാതെ പാർട്ടിയുടെ ഐക്യത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഇതൊരു ആഭ്യന്തര കുടുംബ പ്രശ്നമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കുമെന്നും പട്നയിൽ ചേർന്ന പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിൽ ലാലു പ്രസാദ് പറഞ്ഞു. ഈ യോഗത്തിലാണ് ഇളയമകൻ തേജസ്വി യാദവിനെ ആർജെഡി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
മകൾ രോഹിണി ആചാര്യ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരസ്യമായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് ലാലു പ്രസാദിന്റെ പരാമർശം. ശനിയാഴ്ച താൻ രാഷ്ട്രീയം വിടുകയാണെന്നും കുടുംബത്തെ തള്ളിപ്പറയുകയാണെന്നും അവർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിൽ ആർജെഡിക്ക് വെറും 25 സീറ്റുകൾ മാത്രം ലഭിച്ചതിന് പിന്നാലെ തന്റെ തീരുമാനത്തിന് കാരണം പാർട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് യാദവും തേജസ്വി യാദവിൻ്റെ സഹായിയായ റമീസുമാണെന്ന് രോഹിണി ആരോപിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടെ ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണത്തേത്.
സഹോദരങ്ങളെക്കാൾ പുറത്തുനിന്നുള്ളവരോട് പക്ഷപാതം കാണിക്കുന്നുവെന്നും വിശ്വാസം തകർന്നുവെന്നും ചൂണ്ടിക്കാട്ടി രോഹിണിയുടെ മറ്റ് മൂന്ന് സഹോദരിമാരായ ചന്ദ, രാഗിണി, ഹേമ എന്നിവരും ഞായറാഴ്ച ഉച്ചയോടെ ലാലുവിന്റെ വീട് വിട്ടിറങ്ങി. രോഹിണി ലാലു പ്രസാദിന്റെ രണ്ടാമത്തെ മകളും തേജസ്വി, തേജ് പ്രതാപ് യാദവ് എന്നിവരുടെ മൂത്ത സഹോദരിയുമാണ്. പാടലിപുത്രയിൽ നിന്നുള്ള ആർജെഡി നിയമസഭാംഗമായ മിസ ഭാരതിയുടെ ഇളയ സഹോദരി കൂടിയാണ് അവർ. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ സാരനിൽ നിന്ന് മത്സരിച്ച രോഹിണി ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോടാണ് പരാജയപ്പെട്ടത്.
മൂത്ത മകൾ മിസ ഭാരതി, തിങ്കളാഴ്ച നടന്ന പാർട്ടി യോഗത്തിൽ അച്ഛന്റെ സന്ദേശം ആവർത്തിച്ചു. ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ജീവിക ദീദിമാർക്ക് 2 ലക്ഷം രൂപ സഹായം, ബിഹാറിന്റെ വ്യാവസായിക വളർച്ച തുടങ്ങിയ എൻഡിഎയുടെ വാഗ്ദാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലാണ് മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും അല്ലാതെ കുടുംബ പ്രശ്നങ്ങളിലല്ലെന്നും അവർ പറഞ്ഞു. ഈ സമയത്ത്, പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബിഹാർ അധികാർ യാത്രയ്ക്കിടെ, തേജസ്വിയുടെ ഉപദേഷ്ടാവായ സഞ്ജയ് യാദവ് അദ്ദേഹത്തിനൊപ്പം മുൻസീറ്റിൽ ഇരുന്നതിനെ രോഹിണി ആചാര്യ എതിർത്തതോടെയാണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾ ആദ്യമായി മറനീക്കി പുറത്തുവന്നത്. ഇത് സഞ്ജയ് യാദവും സഹായി റമീസ് നെമത് ഖാനും കുടുംബ, പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നു എന്ന വ്യാപകമായ പരാതികളിലേക്ക് വളർന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം, നവംബർ 15-ന് രാഷ്ട്രീയം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രോഹിണി ഒരു വികാരനിർഭരമായ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്നെ അപമാനിച്ചെന്നും, അസഭ്യം പറഞ്ഞെന്നും ചെരിപ്പൂരി അടിക്കാൻ ഓങ്ങിയെന്നും അവർ പിന്നീട് അവകാശപ്പെടുകയും ചെയ്തു.
2025 മേയിൽ ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ്,സാമൂഹികമാധ്യമങ്ങളിലും മാധ്യമ പ്രസ്താവനകളിലും സമാനമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു. ജനശക്തി ജനതാദൾ രൂപവത്കരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ശേഷം, തേജ് പ്രതാപ് തേജസ്വിയെ രൂക്ഷമായി വിമർശിക്കുകയും കുടുംബത്തിലെ ഭിന്നതയെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ലാലുവിന്റെ ഭാര്യാസഹോദരൻ സാധു യാദവും തേജസ്വിയെ വിമർശിക്കുകയും രോഹിണിയോടുള്ള പെരുമാറ്റം അന്യായമാണെന്ന് പറയുകയും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായികളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


