ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽനിന്ന് പിന്തുണ ഏറിയെന്ന് പരോക്ഷമായി സൂചിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പിന്തുണ ഏറിയെന്ന അർഥം വരുന്ന ഉർദു കവിത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി’ എന്നാണ് കവിത. ഉറുദു കവി മജ്റൂഹ് സുൽത്താൻപുരിയുടേതാണ് കവിത.
നിവവിൽ ശശി തരൂർ മാത്രമാണ് തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ തയാറായിരിക്കുന്നത്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും പത്രിക സമർപ്പിച്ചേക്കുമെന്നാണ് വിവരം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയാറായെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചത് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസിൽ സമവായ ശ്രമങ്ങൾ തുടരുന്നു. അശോക് ഗെലോട്ട് ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുതിർന്ന നേതാകൾ അശോക് ഗെലോട്ടുമായി ചർച്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ ഗെലോട്ട് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് സോണിയ ഗാന്ധി. അടുത്ത നേതാക്കളോട് സോണിയ ഇക്കാര്യം വ്യക്തമാക്കി.
അതിനിടെ, സോണിയ ഗാന്ധി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിൽ എത്താനിരിക്കെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷനായി 30 വരെ കാത്തിരിക്കൂവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിന് കാലഘട്ടത്തിന് ആവശ്യമായ അധ്യക്ഷനെ കിട്ടുമെന്നും ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഗെലോട്ട് ദില്ലിയിലെത്തുന്നത്. എന്നാല്‍ ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. കമല്‍നാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടെ ഗെലോട്ടിനെ വിമർശിച്ച് ഛത്തീസ്ഗഡിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ടി എസ് സിങ് ദേവ് രംഗത്തെത്തി. എം എല്‍ എമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആള്‍ എങ്ങനെ പാര്‍ട്ടിയെ നയിക്കുമെന്നായിരുന്നു വിമർശനം.