33.4 C
Kottayam
Monday, May 6, 2024

ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി,പാര്‍ട്ടിക്കാര്‍ തന്നെ ശശി തരൂരിനെ കാലുവാരാൻ ശ്രമിച്ചുവെന്ന് ടി പത്മനാഭൻ ;വിവാദം കൊഴുക്കുന്നു

Must read

മലപ്പുറം : ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്നമുണ്ടെങ്കിൽ അത് കോൺ​ഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി കോൺ​ഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ്‌ പിന്മാറിയത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

കോൺഗ്രസ്‌ ഐക്യതോടുകൂടി മുന്നോട്ട് പോകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും. ശശി തരൂരുമായുള്ള നാളത്തെ കൂടികാഴ്ചയിൽ സ്വാഭാവികമായും രാഷ്ട്രീയ വിഷയം ചർച്ചയാകും. അജണ്ട വെച്ചുള്ള ചർച്ച ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സുധാകരന്റെ ആർഎസ്എസ് അനുകൂല വിവാദം പരാമർശം അടഞ്ഞ അധ്യായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വിലക്ക് വിവാദത്തിനിടെ ശശി തരൂരിനെ പ്രശംസിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. മത്സരിക്കാൻ നിന്നപ്പോൾ പാര്‍ട്ടിക്കാര്‍ തന്നെ ശശി തരൂരിനെ കാലുവാരാൻ ശ്രമിച്ചുവെന്ന് ടി പത്മനാഭൻ പറഞ്ഞു. തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ ഇടയിലാണ് തരൂർ ജീവിക്കുന്നതെന്ന് പറഞ്ഞ ടി പത്മനാഭൻ, യുവജനങ്ങൾ തരൂരിനൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. തരൂരിനെ വേദിയിൽ ഇരുത്തിയാണ് പത്മനാഭന്റെ പരാമർശം. പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാർട്ടി വിട്ടു പോകരുതെന്നും ടി പത്മനാഭൻ പറഞ്ഞു.

അതേസമയം, കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് വിലക്ക് വിവാദം. മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന കെ മുരളീധരൻ പരാമര്‍ശം വിവാദം കടുപ്പിച്ചു. വിഷയത്തില്‍ തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് വി ഡി സതീശൻ പറയുന്നത്. ശശി തരൂർ വിഷയത്തിൽ ഇനി കെപിസിസി പ്രസിഡന്റ്‌ മറുപടി നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. അതേസമയം, നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.

വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്‍റെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്. വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തിയെന്നും പ്രതികരിച്ചു. കോഴിക്കോടെ പരിപാടിയിൽ നിറയെ കോൺഗ്രസുകാരുണ്ടായിരുന്നുവെന്ന് പറഞ്ഞ തരൂർ, തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കൾ പറയട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

അതേസമയം, വിവാദം തരൂരിന്റെ വരവിന് ഗുണമായെന്നാണ് എം കെ രാഘവന്റെയും മറ്റും വിലയിരുത്തൽ. വിവാദം കോൺഗ്രസിലെ മുൻനിര നേതാക്കൾക്കിടയിൽ തന്നെ ഭിന്നിപ്പുണ്ടാക്കിയതോടെ തരൂരിനുള്ള സ്വീകാര്യത കൂടിയെന്നാണ് വിലയിരുത്തൽ. ഇന്ന് മാഹിയിൽ ടി പദ്മനാഭന്റെ പ്രതിമ അനാഛാദന പരിപാടിയിൽ പങ്കെടുത്ത തരൂ‍‍ർ നാളെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ്  ലീഗ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്കും പ്രാധാന്യമേറെയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week