തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും കേരളത്തെ പുകഴ്ത്തിയും കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. നീതി ആയോഗിന്റെ (NITI Aayog) ദേശീയ ആരോഗ്യ സൂചികയില്‍ കേരളം (Kerala) ഒന്നാമതെത്തിയതിന് പിന്നാലെയാണ് തരൂരിന്‍റെ പ്രതികരണം. യോഗി ആദിത്യനാഥ് സദ്ഭരണവും രാഷ്ട്രീയ പ്രവര്‍ത്തനവും കേരളത്തെ കണ്ടുപഠിക്കണമെന്ന് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2017ല്‍ യുപിയുടെ ആരോഗ്യ പരിചരണം എങ്ങനെയെന്ന് കേരളം കണ്ടുപഠിക്കണമെന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് കേരളത്തിന്‍റെ നേട്ടം ചൂണ്ടിക്കാട്ടി തരൂരിന്‍റെ കുറിപ്പ്.
യോഗി ആദിത്യനാഥിനെപ്പോലുള്ളവർ ആരോഗ്യ രംഗത്തെ സമ്പ്രദായങ്ങൾ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തെ കണ്ട് പഠിക്കണം. അങ്ങനെയെങ്കില്‍ അത് രാജ്യത്തിന് നേട്ടമാകും. പകരം അവർ രാജ്യത്തെ അവരുടെ നിലയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നത്- തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക പട്ടിക പുറത്തുവന്നത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടും തെലങ്കാനയും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നിതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്.
സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്.