തിരുവനന്തപുരം: അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരീക്ഷണം പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സിന്‍ കോവിഷല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് രണ്ടു കൊവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണു നല്‍കിയിരിക്കുന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനാകും കോവാക്‌സിന്‍.
വിദഗ്ധ സമിതി വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയതോടെ ഡിസിജിഐ അന്തിമ അനുമതി നല്‍കുകയും സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ പ്രസന്റേഷന്‍ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുമ്പാകെ നടത്തിയിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേര്‍ന്നാണു ഭാരത് ബയോടെക് കോവാക്‌സിന്‍ നിര്‍മിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന് അനുമതി നല്‍കണമെന്ന് കാട്ടി ഡിസംബര്‍ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കല്‍ പരീക്ഷണം ഉള്‍പ്പെടെ വിവരങ്ങള്‍ പരിശോധിച്ച ശേഷം ശിപാര്‍ശ ചെയ്യുകയായിരുന്നു.