തിരുവനന്തപുരം: ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലിയെന്ന് ശശി തരൂർ എം പി. അയോധ്യ രാമ ക്ഷേത്ര സമർപ്പണ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം ക്ഷണം കിട്ടിയവർ തന്നെ എടുക്കട്ടെയെന്ന് ശശി തരൂർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് താൻ രാമ ക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദർശിച്ചാൽ ജനം അത് വേറെ രീതിയിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചതിനെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചു. യെച്ചൂരിയുടെ പാർട്ടിക്ക് മതവിശ്വാസം ഇല്ല. ഭൂമി പൂജ ഉൾപ്പെടെ എല്ലാം ബിജെപി പ്രചരണയുധമാക്കിയെന്നും ഇതെല്ലാം ബിജെപിയുടെ കളിയാണെന്നും ശശി തരൂർ പറഞ്ഞു.
കേന്ദ്രം വാഗ്ദാനം ചെയ്ത പോലെ യുവാക്കൾക്ക് ജോലിയുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെട്ടോ എന്നും ചിന്തിക്കണമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് പാർട്ടി മതവിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാർത്ഥിയായാൽ ജനം തീരുമാനമെടുക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.