ദില്ലി:വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതി സരിത എസ് നായരാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു.
വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം. തെരഞ്ഞെടുപ്പ് ഹർജിയായതിനാൽ സുപ്രീംകോടതി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചത്