തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് അച്ചടി മുടങ്ങിയതിന് പിന്നാലെ സോഫ്റ്റ്‌വെയറും കൂടി പണിമുടക്കിയതോടെ അപേക്ഷകര്‍ നെട്ടോട്ടത്തില്‍. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘സാരഥി’ സോഫ്റ്റ്‌വെയര്‍ വഴിയാണ് ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. രണ്ടാഴ്ചയായി ഇടയ്ക്കിടെ തടസപ്പെട്ടിരുന്ന സോഫ്റ്റ്‌വെയര്‍ രണ്ട് ദിവസമായി പൂര്‍ണ്ണമായും നിശ്ചലമായി. ഇതോടെ അപേക്ഷ സമര്‍പ്പിക്കാനോ, പുതുക്കാനോ കഴിയാതെയായി.
ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകരാണ് ഏറെ കുഴയുന്നത്. കാലാവധി കഴിഞ്ഞാല്‍ പിഴ അടയ്ക്കണം. ലൈസന്‍സ് പുതുക്കി കിട്ടാതെ വാഹനം ഓടിക്കാനും കഴിയില്ല. നേരത്തെ സമര്‍പിച്ച അപേക്ഷകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുമുണ്ട്.
സംസ്ഥാനത്ത് നിന്നും ദിവസം കാല്‍ലക്ഷത്തിലേറെ ആവശ്യക്കാരാണ് സാരഥി സോഫ്റ്റ്‌വെയറില്‍ എത്തുന്നത്. സംസ്ഥാനത്തെ ലൈസന്‍സ് വിതരണം നവംബര്‍ മുതല്‍ താളംതെറ്റിയിരുന്നു. കേന്ദ്രീകൃത അച്ചടി നിര്‍ത്തിയതോടെ 4.5 ലക്ഷം ലൈസന്‍സ് കാര്‍ഡുകള്‍ അച്ചടിക്കേണ്ടതുണ്ട്. ലൈസന്‍സ് അച്ചടിക്ക് കരാര്‍ എടുത്തിട്ടുള്ള കമ്പനിക്ക് ആറുകോടി രൂപ പ്രതിഫലം കുടിശ്ശിതയായതോടെയാണ് അച്ചടി മുടങ്ങിയത്. ഇതിന് പിന്നാലെയാണ് സോഫ്റ്റ്‌വെയറും പണിമുടക്കിയത്.
സാങ്കേതിക പിഴവ് എന്ന് പരിഹരിക്കപ്പെടുമെന്നതില്‍ കൃത്യമായ മറുപടി നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിനും കഴിയുന്നില്ല. സെര്‍വ്വര്‍ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന മറുപടിയാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇത് എപ്പോള്‍ പരിഹരിക്കപ്പെടുമെന്നതില്‍ നിശ്ചയമില്ല. വൈകിട്ട് ആറുമുതല്‍ രാവിലെ ഒമ്പതുവരെ മാത്രമേ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്ന സന്ദേശം വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്