ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല, ഒളിവിലെന്ന് പോലീസ്

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകന്‍ ഇന്നലെ ചോദ്യം ചെയ്യലിനായി പോലീസിനു മുന്നില്‍ ഹാജരായില്ല. “സ്‌ഥലത്തില്ല” എന്നാണു പോലീസിനെ അറിയിച്ചത്‌. ഒളിവില്‍ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച്‌ പുതിയ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഭര്‍ത്താവ്‌ പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു ശരണ്യക്ക്‌ അടുപ്പമുള്ളത്‌. പ്രണവ്‌ ഗള്‍ഫില്‍ പോയ സമയത്ത്‌ ഫെയ്‌സ്‌ബുക്ക്‌ വഴിയാണു ബന്ധം തുടങ്ങിയത്‌.

വാരംവലിയന്നൂര്‍ സ്വദേശിയായ ഇയാളെ സംഭവം നടന്നതിന്റെ തലേന്നു രാത്രിയില്‍ ശരണ്യയുടെ വീടിനടുത്ത്‌ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ്‌ അന്വേഷണം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നു കണ്ടെത്തേണ്ടതുണ്ട്‌. ഇവരുടെ കൂടുതല്‍ മൊബൈല്‍ സംഭാഷണങ്ങള്‍ ശാസ്‌ത്രീയമായി പരിശോധിക്കുന്നുണ്ട്‌. ഇതിനിടെ ഇയാള്‍ തൂങ്ങിമരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമുണ്ട്‌.

കരിങ്കല്‍ക്കെട്ടിലേക്ക്‌ ആദ്യം എറിഞ്ഞപ്പോള്‍ കുഞ്ഞ്‌ കരഞ്ഞെന്നും ചെന്നെടുത്ത്‌ വീണ്ടും എറിഞ്ഞാണു കൊലപ്പെടുത്തിയതെന്നുമാണു ശരണ്യ പോലീസിനോടു പറഞ്ഞത്‌. അങ്ങനെയെങ്കില്‍ ശരണ്യയുടെ വസ്‌ത്രത്തില്‍ ചോരപ്പാടുകളുണ്ടാകണം. ഈ വസ്‌ത്രം ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക്‌ ലാബറട്ടറിയിലേക്ക്‌ അയച്ചിരിക്കുകയാണ്‌. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ശാസ്‌ത്രീയ തെളിവുകളാകും കോടതിക്കു മുന്നില്‍ നിര്‍ണായകമാകുക.

ശരണ്യയെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ്‌ കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. ശരണ്യയും കാമുകനും ചേര്‍ന്ന്‌ കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍നിന്നു വായ്‌പയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News