മലപ്പുറം:കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ കര്‍ണാടകയെ 7-3ന് തകര്‍ത്താണ് കേരളത്തിന്റെ ആധികാരിക ഫൈനല്‍ പ്രവേശനം.ടി.കെ. ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍ വീതം തേടി. ഒരു ഗോളിന് പിന്നില്‍നിന്നതിന് ശേഷമാണ് കേരളത്തിന്റെ വമ്പന്‍ തിരിച്ചു വരവ്.
പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം സെമിയിൽ
കർണാടകയ്ക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. കെ. സൽമാന് പകരം നിജോ ഗിൽബർട്ട് ടീമിൽ തിരിച്ചെത്തി.
കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പതിയെ താളം കണ്ടെത്തിയ കർണാടക കേരള ബോക്സിലേക്ക് പന്ത്
എത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ കേരളത്തിന്റെ പല ഗോൾ ശ്രമങ്ങളും പാഴായിപ്പോകുന്നതിനും സ്റ്റേഡിയം സാക്ഷിയായി. 15,16 മിനിറ്റുകളിലെ കേരളത്തിന്റെ ശ്രമങ്ങൾ ഫലം കാണാതെ പോയി. 17-ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള സഹീഫിന്റെ ഗോൾശ്രമം കർണാടക ഗോൾകീപ്പർ കെവിൻ കോശി തടഞ്ഞു. തൊട്ടുപിന്നാലെ ഷിഗിലിന്റെ ഒരു ഷോട്ടും ഗോൾകീപ്പർ രക്ഷപ്പെടുത്തി.
കേരള മുന്നേറ്റങ്ങൾ ഫലം കാണാതെയിരിക്കുന്നതിനിടെ 25-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് കർണാടക മുന്നിലെത്തി. ഇടതു വിങ്ങിൽനിന്ന് വന്ന ക്രോസ് ബോക്സിന് മുന്നിലുണ്ടായിരുന്ന സുധീർ ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വീണതിനു പിന്നാലെ 30-ാം മിനിറ്റിൽ കേരളം മുന്നേറ്റത്തിൽ വിഘ്നഷിനെ പിൻവലിച്ച് ജെസിനെ കളത്തിലിറക്കി. ഇതോടെ കേരളത്തിന്റെ കളി തന്നെ മാറി. 33-ാം മിനിറ്റിൽ തന്നെ ജെസിൻ ഒരു ഗോൾശ്രമം നടത്തി. 34-ാം മിനിറ്റിൽ സുധീറിന്റെ പാസിൽനിന്ന് കമലേഷിന്റെ ഷോട്ട് പുറത്തുപോയി.
35-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് കേരളത്തിന്റെ ആദ്യ ഗോളെത്തി. ബോക്സിലേക്ക് വന്ന പാസ് കർണാടക ഡിഫൻഡറെയും ഗോൾകീപ്പറെയും മറികടന്ന് ജെസിൻ വലയിലെത്തിക്കുകയായിരുന്നു.ജെസിൻ എത്തിയതോടെ കേരള ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 42-ാം മിനിറ്റിൽ ജെസിൻ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ജെസിന്റെ ഒറ്റയാൾ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
പിന്നാലെ 44-ാം മിനിറ്റിൽ ജെസിൻ ഹാട്രിക്ക് തികച്ചു. ഇടതു വിങ്ങിൽ നിന്ന് നിജോ ഗിൽബർട്ടിന്റെ ഷോട്ട് കീപ്പർ തട്ടിയകറ്റി. ബോക്സിന് തൊട്ടുമുന്നിലുണ്ടായിരുന്ന ജെസിൻ
പന്ത് അനായാസം
വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗിൽ കേരളത്തിന്റെ ഗോൾ നേട്ടം നാലാക്കി ഉയർത്തി. വലതുവിങ്ങിലൂടെയുള്ള നിജോയുടെ മുന്നേറ്റമാണ് ഈ ഗോളിനും വഴിവെച്ചത്. കർണാടക കീപ്പർ തട്ടിയകറ്റിയ പന്ത് ഷിഗിൽ വെട്ടിത്തിരിഞ്ഞൊരു ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ 54-ാം മിനിറ്റിൽ കമലേഷ് മികച്ചൊരു ലോങ് റേഞ്ചറിലൂടെ കർണാടകയുടെ രണ്ടാം ഗോൾ നേടി. മൈതാന മധ്യത്തുനിന്ന് കമലേഷ് അടിച്ച പന്ത് കേരള ഗോൾകീപ്പർ മിഥുനെ മറികടന്ന് വലയിലെത്തുകയായിരുന്നു. പിന്നാലെ 56-ാം മിനിറ്റിൽ ജെസിൻ കേരളത്തിനായി വീണ്ടും വലകുലുക്കി. കർണാടക ഡിഫൻഡറിൽ നിന്നും പന്ത് റാഞ്ചി ഒറ്റയ്ക്ക് മുന്നേറിയ ജെസിൻ ഗോൾകീപ്പർക്ക് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ജെസിന്റെ നാലാം ഗോളായിരുന്നു ഇത്.
62-ാം മിനിറ്റിൽ അർജുൻ ജയരാജ് കേരളത്തിന്റെ ആറാം ഗോൾ കണ്ടെത്തി. പോസ്റ്റിന്റെ വലത് ഭാഗത്തുനിന്ന് അർജുൻ അടിച്ച പന്ത് കർണാടക ഡിഫൻഡറുടെ കാലിൽ തട്ടി ഗതിമാറി ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു.
72-ാം മിനിറ്റിൽ സൊലെയ്മലെയ് ബോക്സിന് പുറത്തു നിന്ന് കിടിലനൊരു ഷോട്ടിലൂടെ കർണാടകയുടെ ഗോൾനേട്ടം മൂന്നാക്കി. തൊട്ടുപിന്നാലെ 74-ാം മിനിറ്റിൽ ജെസിൻ കളിയിലെ തന്റെ അഞ്ചാമത്തെയും കേരളത്തിന്റെ ഏഴാമത്തെയും ഗോൾ സ്വന്തമാക്കി. നൗഫൽ നൽകിയ കിറുകൃത്യം പാസ് ജെസിൻ അനായാസം വലയിലെത്തിച്ചു. ഇതോടെ ടൂർണമെന്റിൽ ആറു ഗോളുമായി ജെസിൻ ഗോൾവേട്ടക്കാരിൽ മുന്നിലെത്തി.
74' GOAL!!! Jesin makes it 5️⃣ for himself and it is a five star 🌟 performance from the substitute. Through ball from Noufal, Jesin runs onto it and calmly slots it away
KER 7️⃣-3️⃣ KAR
Watch 👉 https://t.co/1eamuGV31E#KERKAR ⚔️ #HeroSantoshTrophy 🏆 #IndianFootball ⚽ pic.twitter.com/ZqHgAp3pY0
— Indian Football Team (@IndianFootball) April 28, 2022