കൊച്ചി: സിനിമാ താരങ്ങള്‍ക്ക് യു എ ഇ ഗോള്‍ഡെന്‍ വിസ നല്‍കുന്നതിനെ ട്രോളി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചലചിത്രതാരങ്ങള്‍ക്ക് യു എ ഇ നല്‍കിയ ഗോള്‍ഡെന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് താരം. നിരവധി വലിയ താരങ്ങള്‍ക്ക് ഗോള്‍ഡെന്‍ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്നാണ് താരം ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിച്ചത്.
പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ്. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. 2 പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പില്‍ വിമര്‍ശിക്കുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം ടൊവിനോ തോമസ്, മിഥുന്‍ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് ഗോള്‍ഡെന്‍ വിസ ലഭിച്ചിരുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;
മക്കളേ.. മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്ക് യു എ ഇ ഗോള്‍ഡെന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു (സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഗോള്‍ഡെന്‍ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ).
പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡെന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ? (വാല്‍കഷ്ണം … ഗോള്‍ഡെന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്ക് കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി. ഏതായാലും നല്ല കാര്യം ആണേ..)
എല്ലാവര്‍ക്കും നന്ദി
എന്ന് സന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )