വൈക്കം:ഗോവയിൽ പുതുവത്സരാഘോഷത്തിനിടെ തന്റെ മകൻ കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും കടൂക്കര സന്തോഷ് വിഹാറിൽ സന്തോഷ്. സന്തോഷിന്റെ മകൻ സഞ്ജയിനെ (19) കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 4നാണ്. അയൽക്കാരായ 2 സുഹൃത്തുക്കൾക്കൊപ്പം 29നാണു സഞ്ജയ് ഗോവയിലേക്കു പോയത്.
ഒന്നിനു പുലർച്ചെ ഒന്നിനു കാണാതായി. 3 ദിവസത്തിനു ശേഷം മൃതദേഹം കണ്ടെത്തി. സന്തോഷിന്റെ 2 മക്കളിൽ ഇളയതാണു സഞ്ജയ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്തോഷ് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ 30നു രാത്രി വീട്ടിലെത്തിയപ്പോഴാണു മകൻ ഗോവയിലേക്കു പോയ വിവരമറിഞ്ഞത്.
നീന്തൽ അറിയാത്ത അവനൊരിക്കലും കടലിൽ ഇറങ്ങില്ല. ആരോ കൊന്ന ശേഷം കടലിൽ കൊണ്ടുപോയി തള്ളിയതാണെന്ന് ഉറപ്പാണ്. പാർട്ടിക്കിടെ വലിയ സംഘർഷം നടന്നിരുന്നതായി സമീപത്തെ ചായക്കടക്കാരനും പറഞ്ഞു. ഒത്തിരിപ്പേരെ തല്ലി സ്റ്റേജിന്റെ അടിയിൽ ഇട്ടിരുന്നെന്നാണു കടക്കാരൻ പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ മരണത്തിനു മുൻപു മർദനമേറ്റതായി കണ്ടെത്തിയിട്ടുമുണ്ട്.
ഡാൻസ് പാർട്ടി നടന്ന സ്ഥലത്തു നിന്നു 15 കിലോമീറ്റർ അകലെയാണു കടലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജിലെത്തിയാണു മൃതദേഹം കണ്ടത്. ധരിച്ചിരുന്ന വസ്ത്രവും മറ്റും കണ്ട് മകനാണെന്ന് ഉറപ്പുവരുത്തി.
സഞ്ജയ് ഇന്റീരിയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്രോൾ പമ്പിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. അങ്ങനെയാണു ഗോവയിലേക്കു പോകാൻ പണം സമ്പാദിച്ചത്. ഡിജെ പാർട്ടിക്കു പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോഴേ പോകരുതെന്നു വിലക്കിയിരുന്നു.